‘ഇന്ത്യ ഒരു കായിക ശക്തിയായി മാറുകയാണ്’: ഒളിമ്പിക് കമ്മിറ്റി സമ്മേളനത്തെക്കുറിച്ച് എഎഫ്‌ഐ പ്രസിഡന്റ് ആദിൽ സുമരിവാല


2036- ഓടെ ഇന്ത്യ ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കുമെന്ന് അത്‌ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യ (എഎഫ്‌ഐ) പ്രസിഡന്റ് ആദിൽ സുമരിവാല. ദ റൈറ്റ് സ്റ്റാൻഡ് എന്ന പരിപാടിയുമായി ബന്ധപ്പെട്ട് നടത്തിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പൂർണ്ണമായി തയ്യാറാണെന്നും നാലുവർഷം മുൻപേ അതായത് 2032- ൽ ആയിരുന്നെങ്കിൽ കൂടുതൽ സന്തോഷിക്കുമായിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി. എങ്കിലും ഇന്ത്യക്ക് ഇത് ശരിയായ സമയമാണെന്നും ഭാരതം ഒരു പുതിയ കായിക ശക്തിയായി മാറുന്നതിന്റെ വക്കിലാണെന്നും അദ്ദേഹം പറഞ്ഞു.

കൂടാതെ ഗെയിംസിനായി കായികതാരങ്ങളെ ഒരുക്കാനും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനും മതിയായ സമയം നമുക്ക് ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെ വൈസ് പ്രസിഡന്റ് കൂടിയാണ് ആദിൽ സുമരിവാല. ഇന്ത്യയിലെ ഒളിമ്പിക് പ്രസ്ഥാനത്തെ ഉയർത്തുന്നതിന് വേണ്ടി ഐഒസി അംഗം നിത അംബാനിയുടെ പ്രവർത്തനങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു.

ഇതിനായി കോർപ്പറേറ്റ് പിന്തുണയും സർക്കാർ പിന്തുണയും ഒരുപോലെ ആവശ്യമാണെന്നും അദ്ദേഹം ഊന്നി പറഞ്ഞു .” ഏഷ്യൻ ഗെയിംസിലെ ഞങ്ങളുടെ വിജയത്തിന് കാരണം ഫെഡറേഷനുകൾക്കും കായികതാരങ്ങൾക്കും സർക്കാർ നൽകുന്ന പിന്തുണയാണ്. ഇന്ത്യക്കായി ഒരു ടീം ഉണ്ടാക്കാൻ ഞങ്ങൾ എല്ലാവരും ഒത്തുചേർന്നു, അതാണ് ഏഷ്യൻ ഗെയിംസിൽ ഞങ്ങൾ ചെയ്തത്.” എന്നും ആദിൽ സുമരിവാല കൂട്ടിച്ചേർത്തു.

‘ഇന്ത്യക്ക് ഇത് വലിയൊരവസരം’: മുംബൈയിൽ നടക്കാനിരിക്കുന്ന ഒളിമ്പിക് കമ്മിറ്റി സമ്മേളനത്തെക്കുറിച്ച് പിടി ഉഷ

 അതേസമയം ടോക്കിയോ ഒളിമ്പിക്സിലെയും ബർമിംഗ്ഹാമിലെ കോമൺവെൽത്ത് ഗെയിംസിലെയും റെക്കോർഡ് പ്രകടനത്തിന് പിന്നാലെ ഹാങ്‌ഷൗവിൽ നടന്ന ഏഷ്യൻ ഗെയിംസിന്റെ 19-ാം പതിപ്പിൽ 107 മെഡലുകൾ നേടി ആണ് ഇന്ത്യ ചരിത്രം സൃഷ്ടിച്ചത്. ഇനി വരാനിരിക്കുന്ന അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ (ഐഒസി) 141-ാമത് സെഷൻ മുംബൈയിലെ ജിയോ വേൾഡ് സെന്ററിൽ അടുത്ത ദിവസം ആരംഭിക്കും. 40 വർഷങ്ങൾക്കുശേഷം ഇത് രണ്ടാം തവണയാണ് ഇന്റര്‍നാഷണല്‍ ഒളിംപിക് കമ്മറ്റിയുടെ ആതിഥേയത്വം ഇന്ത്യ വഹിക്കുന്നത്. ഇതിനു മുൻപ് ഇന്ത്യയിൽ നടന്ന ഐഒസിയുടെ സെഷൻ 1983 ൽ ഡൽഹിയിലായിരുന്നു സംഘടിപ്പിച്ചിരുന്നത്.

കൂടാതെ ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റി അംഗങ്ങളുടെ ഒരു പ്രധാന മീറ്റിംഗായി ആണ് ഇതിനെ കണക്കാക്കുന്നത്. ഒളിംപിക് ഗെയിംസ് സംബന്ധിച്ച സുപ്രധാന തീരുമാനങ്ങൾ എടുക്കുന്നത് ഐഒസി സെഷനിൽ ആണ്. ഒളിമ്പിക് ചാർട്ടർ അംഗീകരിക്കുകയോ ഭേദഗതി ചെയ്യുകയോ ചെയ്യുക, ഐ‌ഒ‌സി അംഗങ്ങളുടെയും ഭാരവാഹികളുടെയും തിരഞ്ഞെടുപ്പ്, ഒളിമ്പിക്‌സിന്റെ ആതിഥേയ നഗരത്തിന്റെ തിരഞ്ഞെടുപ്പ് എന്നിവ ഉൾപ്പെടെയുള്ള പ്രധാന കാര്യങ്ങൾ ഈ സെഷനിൽ ചർച്ച ചെയ്ത് നിശ്ചയിക്കും.

അതേസമയം ഐഒസി സെഷനില്‍ 99 വോട്ടിംഗ് അംഗങ്ങളും 43 ഓണററി അംഗങ്ങളുമാണ് നിലവിൽ ഉള്ളത്. കായിക ലോകത്തെ പ്രമുഖരായ 600- ലധികം അംഗങ്ങളും 100-ഓളം രാജ്യങ്ങളിൽ നിന്നുള്ള ആഗോള മാധ്യമങ്ങളും യോഗത്തിന്റെ ഭാഗമായി മുംബൈയിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.