വിദേശ പരിശീലകർക്ക് പിന്നാലെ ഇന്ത്യൻ ക്ലബുകൾ പോകാനുള്ള കാരണമിത്; മിറാൻഡ പറയുന്നു

ഇക്കുറി ഹീറോ സൂപ്പർ കപ്പിൽ ഒഡിഷ എഫ്സി കിരീടത്തിലേക്ക് കുതിക്കുമ്പോൾ തന്ത്രങ്ങളോതി ഡ​ഗ്ഔട്ടിലുണ്ടായിരുന്നത് ഒരു ഇന്ത്യൻ പരിശീലകനായിരുന്നു. ദേശീയ ടീം മുൻ സൂപ്പർതാരം കൂടിയായ ക്ലിഫോർഡ് മിറാൻഡയായിരുന്നു ഒഡിഷയുടെ പരിശീലകൻ. ഐഎസ്എല്ലിന് പിന്നാലെ ജോസെപ് ​ഗോമ്പു ക്ലബ് വിട്ടതോടെയാണ് ഇടക്കാല പരിശീലകദൗത്യം മിറാൻഡയിലെത്തിയത്.

സൂപ്പർ കപ്പ് കിരീടമുയർത്തിയെങ്കിലും അടുത്ത ഐഎസ്എല്ലിൽ ഒഡിഷ പരിശീലകൻ മിറാൻഡയായിരിക്കില്ല. സ്പാനിഷ് പരിശീലകൻ സെർജിയോ ലൊബേറ ക്ലബിലേക്ക് വരുമെന്നാണ് സൂചന. ഇതിനിടെ ഹിന്ദുസ്ഥാൻ ടൈംസിന്റെ പോഡ്കാസ്റ്റിൽ സംസാരിച്ച മിറാൻഡ, പ്രൊഫഷനലിസമാണ് വിദേശ പരിശീലകരെ ഇന്ത്യൻ പരിശീലകരിൽ നിന്ന് വേറിട്ടുനിർത്തുന്നതെന്ന് അഭിപ്രായപ്പെട്ടു.

ശരാശരി അറിവും നിലവാരവും മാത്രമുള്ള വിദേശ പരിശീലകർ ഇന്ത്യൻ ക്ലബുകളുടെ ചുമതല വഹിക്കുന്നത് കാരണമെന്താണ്, അത് മറ്റൊന്നുമല്ല അവർക്ക് കൈമുതലായിട്ടുള്ള പ്രൊഫഷനലിസമാണ്, തനിക്ക് ചുറ്റുമുള്ള ആളുകളെ സംഘടിപ്പിച്ച് നിർത്താനും, ട്രെയിനിങ് സെഷനുകൾ നടത്താനും, ദിവസേനയുള്ള കാര്യങ്ങൾ വ്യക്തമായി തയ്യാറാക്കാനും അവർക്ക് കഴിയുന്നു, ഇതാണ് പ്രൊഫഷണലിസം എന്നുദ്ധേശിച്ചത്, ഇന്ത്യയിലെ ക്ലബ് ഉടമകളെ തൃപ്തരാക്കാൻ ഇത് ധാരാളമാണ്, ഇതൊക്കെ കാണുമ്പോൾ ഈ പരിശീലകർക്ക് അവസരം നൽകാൻ ഇന്ത്യൻ ക്ലബുകൾ തയ്യാറാകും, ഇന്ത്യയിലെ പരിശീലകർ ഇക്കാര്യങ്ങളൊക്കെ പഠിക്കണം, മിറാൻഡ വിശദീകരിച്ചു.