ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് ചെൽസിയുടെ അടുത്ത പരിശീലകനായി മൗറീഷ്യോ പോച്ചെറ്റീനോ എത്താനുള്ള സാധ്യതകൾ തെളിയുന്നു. അർജന്റൈൻ പരിശീലകനായ പോച്ചെറ്റീനോയുമായുള്ള ചെൽസിയുടെ ചർച്ചകൾ മികച്ച രീതിയിൽ മുന്നേറുകയാണെന്നാണ് ഇംഗ്ലീഷ് മാധ്യമങ്ങളുടെ റിപ്പോർട്ട്.
സീസണിലെ നിരാശപ്പെടുത്തുന്ന പ്രകടനത്തോടെ ഗ്രഹാം പോട്ടറെ പുറത്താക്കിയ ചെൽസി, ഫ്രാങ്ക് ലാംപാർഡിന് താൽക്കാലിക ചുമതല നൽകിയിരിക്കുകയാണ്. ഇതോടെ അടുത്ത സീസണിലാകും ക്ലബിന് പുതിയ പരിശീലകനെത്തുക. ജർമൻ പരിശീലകൻ ജൂലിയൻ നഗേൽസ്മാൻ, സ്പാനിഷ് പരിശീലകൻ ലൂയിസ് എൻറിക്വെ എന്നിവരുടെ പേരുകളാണ് ചെൽസി ആദ്യം പരിഗണിച്ചത്. എന്നാൽ കഴിഞ്ഞ ആഴ്ചയോടെ ഈ രണ്ട് പേരുകളും വെട്ടിയ ചെൽസി പോച്ചെറ്റീനോയുമായി ചർച്ചകൾ തുടങ്ങി. പോച്ചെറ്റീനോയ്ക്ക് ക്ലബിൽ കൂടുതൽ അധികാരങ്ങൾ നൽകാൻ അധികൃതർ തയ്യാറാണെന്നും സൂചനയുണ്ട്.
നേരത്തെ 2014 മുതൽ അഞ്ച് വർഷം ടോട്ടനത്തിന്റെ പരിശീലകനെന്ന നിലയിൽ തകർപ്പൻ പ്രകടനമാണ് പോച്ചെറ്റീനോ കാഴ്ചവച്ചത്. 2019-ൽ ടോട്ടനത്തെ ചാമ്പ്യൻസ് ലീഗ് ഫൈനൽ വരെയെത്തിക്കാൻ പോച്ചെറ്റീനോയ്ക്ക് സാധിച്ചു. ഫ്രഞ്ച് സൂപ്പർ ക്ലബ് പിഎസ്ജിയെയാണ് പോച്ചെറ്റീനോ ഒടുവിൽ പരിശീലിപ്പിച്ചത്.