ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ് ജെംഷദ്പുർ എഫ്സിക്ക് അടുത്ത സീസണിൽ പുതിയ പരിശീലകനെത്തുമെന്നാണ് സൂചന. ഇംഗ്ലീഷ് പരിശീലകനായി ഐഡി ബൂത്ത്‌റോയിഡാണ് ഇപ്പോൾ ക്ലബ് ചുമതല വഹിക്കുന്നത്. എന്നാൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ബൂത്ത്‌റോയിഡുമായി ക്ലബ് വഴിപിരിയാനൊരുങ്ങുകയാണ്.
ബൂത്ത്റോയിഡ് ക്ലബ് വിടുകയാണെങ്കിലും ഇംഗ്ലീഷ് ഫുട്ബോൾ ശൈലി പിന്തുടരാനാണ് ജെംഷദ്പുരിന്റെ നീക്കം. ഖേൽനൗവിന്റെ റിപ്പോർട്ട് അനുസരിച്ച് ഇംഗ്ലീഷ് പരിശീലകൻ തന്നെയായ സ്കോട്ട് കൂപ്പറാകും അടുത്ത സീസണിൽ ജെംഷദ്പുരിന്റെ ചുമതല വഹിക്കുക. ഇരുകൂട്ടരും തമ്മിൽ ഇക്കാര്യത്തിൽ വാക്കാൽ ധാരണയിലെത്തിയെന്നും ഇനി ഔദ്യോഗിക കടലാസുജോലികൾ മാത്രമെ ശേഷിക്കുന്നുള്ളുവെന്നുമാണ് ഖേൽനൗവിന്റെ റിപ്പോർട്ട്.
52-കാരനായ കൂപ്പർ ഇംഗ്ലീഷ് സൂപ്പർ ക്ലബ് ലെസ്റ്റർ സിറ്റിയുടെ യൂത്ത് ടീമിനെ പരിശീലിപ്പിച്ചിട്ടുണ്ട്. തായ്ലൻഡ് ക്ലബ് ബുരിറാം യുണൈറ്റഡ് പരിശീലകനെന്ന നിലയിലാണ് കൂപ്പർ ഏറ്റവും ശ്രദ്ധ പിടിച്ചുപറ്റിയത്. 2018 മുതൽ നാല് വർഷം ഫിലീപ്പീൻസ് ദേശീയ ഫുട്ബോൾ ടീമിനൊപ്പമാണ് കൂപ്പർ പ്രവർത്തിച്ചത്. പരിശീലകൻ, മാനേജർ, അഡ്വൈസർ തുടങ്ങി പല ദൗത്യങ്ങളും ഫിലീപ്പിൻസ് ടീമിനൊപ്പം കൂപ്പർ നിർവഹിച്ചിട്ടുണ്ട്.