ലോകകപ്പ് ഫൈനലിൽ സച്ചിൻ കോഹ്‌ലിയ്ക്ക് നൽകിയ ഉപദേശം ഇതാണ്

പന്ത്രണ്ട് വർഷങ്ങൾക്ക് മുൻപ് ഇന്ത്യയുടെ രണ്ടാം ലോകകപ്പ് വിജയമെന്ന സ്വപ്‌ന നേട്ടത്തിലേക്ക് നടന്നടുത്ത വാങ്കഡെയിൽ തന്റെ പുറത്താകലിന് ശേഷം കോഹ്‌ലിയുമായി നടത്തിയ സംഭാഷണം വെളിപ്പെടുത്തി ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കർ. ശ്രീലങ്ക ഉയർത്തിയ 275 റൺസ് വിജയ ലക്ഷ്യം പിന്തുടരവെ സെവാഗും സച്ചിനും പെട്ടെന്ന് പുറത്തായത് ഇന്ത്യയെ സമ്മർദ്ദത്തിലാഴ്ത്തിയിരുന്നു.

സച്ചിൻ പുറത്തായതിന് പിന്നാലെയാണ് നാലാം നമ്പറിൽ വിരാട് കോഹ്‌ലി ക്രീസിലെത്തിയത്. ഡഗ് ഔട്ടിലേക്ക് കയറും മുൻപ് താരതമ്യേന പുതുമുഖമായ കോഹ്‌ലിയോട് സച്ചിൻ സംസാരിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പിൽക്കാലത്ത് വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. അന്ന് എന്താണ് സച്ചിൻ പറഞ്ഞതെന്നറിയാൻ ആരാധകർ ഏറെ നാളായി കാത്തിരിക്കുകയായിരുന്നു.

ആ സസ്പെൻസാണ് സച്ചിൻ ഇപ്പോൾ പുറത്തുവിട്ടത്. “ഇപ്പോൾ, പന്ത് കുറച്ച് സ്വിംഗ് ചെയ്യുന്നുണ്ട് (അബ് ഭി ബോൾ തോഡ സ്വിംഗ് ഹോ രഹാ ഹേ!)” എന്നായിരുന്നു അന്ന് സച്ചിൻ കോഹ്‌ലിയോട് പറഞ്ഞ വാക്കുകൾ. ഒരു ആരാധകൻ തന്നോട് ഇതിനെ കുറിച്ച് ചോദിച്ചപ്പോഴാണ് സച്ചിൻ ഇക്കാര്യം വെളിപ്പെടുത്തിയത്.

സച്ചിന്റെ പുറത്താകലിന് ശേഷം മൂന്നാം വിക്കറ്റിൽ ഒത്തുചേർന്ന കോഹ്‌ലിയും ഗംഭീറും ചേർന്ന് 83 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ കൊണ്ട് വന്നിരുന്നു. ഈ കൂട്ടുകെട്ടാണ് ധോണിക്ക് ഫിനിഷ്‌ലൈൻ മറികടക്കാൻ വഴിയൊരുക്കിയത്. 49 പന്തിൽ നിന്ന് 35 റൺസെടുത്ത കോഹ്‌ലിയുടെ മികച്ച ഇന്നിംഗ്‌സ്‌ തന്നെയായിരുന്നു അന്ന് പിറന്നത്.