23 വർഷം നീണ്ട കരിയറിന് വിരാമം; ജോവാക്വിൻ സീസണൊടുവിൽ കളി മതിയാക്കും

സ്പാനിഷ് സൂപ്പർതാരം ജോവാക്വിൻ ഈ ലാ ലി​ഗ സീസണോടെ കളിക്കളത്തോട് വിടപറയും. 41-കാരനായ ഈ വിങ്ങർ 23 വർഷം നീണ്ട കളിജീവിതത്തിനാണ് വിരാമമിടുന്നത്. ലാ ലി​ഗ ക്ലബ് റയൽ ബെറ്റിസിന്റെ ക്യാപ്റ്റൻ കൂടിയാണ് ജോവാക്വിൻ.

ബെറ്റിസിന്റെ യൂത്ത് ടീമിനായി കളിച്ചുതുടങ്ങിയ ജോവാക്വിൻ 2000-ലാണ് അവർക്കായി തന്നെ സീനിയർ അരങ്ങേറ്റവും കുറിച്ചത്. പിന്നീട് 2006 വരെ താരം ക്ലബിനൊപ്പം തുടർന്നു. പിന്നീട് അഞ്ച് വർഷം വലൻസിയക്കായും രണ്ട് വർഷം മലാ​ഗയ്ക്കായും ജോവാക്വിൻ കളിച്ചു. 2013 മുതൽ രണ്ട് വർഷം ഇറ്റലിയിലെ ഫിയോറെന്റിനയെയാണ് ജോവാക്വിൻ പ്രതിനിധീകരിച്ചത്. തുടർന്ന് 2015-ൽ താരം ബെറ്റിസിൽ തിരിച്ചെത്തി.

ലാ ലി​ഗയിൽ ഇതുവരെ 615 മത്സരങ്ങളാണ് ജോവാക്വിൻ കളിച്ചത്. 622 ലാ ലി​ഗ മത്സരങ്ങൾ കളിച്ച അൻഡോണി സുബിസരാറ്റെയുടെ റെക്കോർഡ് ഈ സീസണിൽ ജോവാക്വിൻ മറികടക്കാനാണ് സാധ്യത. 800-ലേറെ പ്രൊഫഷനൽ മത്സരങ്ങൾ കളിച്ച ജോവാക്വിന്റെ പേരിൽ 112 ​ഗോളും 102 അസിസ്റ്റുമാണുള്ളത്. ബെറ്റിസിനും വലൻസിയക്കുമൊപ്പം കോപ്പാ ഡെൽ റേ കിരീടവും ജോവാക്വിൻ നേ‌ടിയിട്ടുണ്ട്. സ്പെയിൻ ദേശീയ ടീമിനായി 51 തവണയും ഈ താരം ബൂട്ടുകെട്ടിയിട്ടുണ്ട്.