കേരളാ ബ്ലാസ്റ്റേഴ്സിന്റെ സഹപരിശീലകൻ ഇഷ്ഫാഖ് അഹമ്മദ് ക്ലബ് വിടുന്നുവെന്ന് സൂചന. കളിക്കാരനും പരിശീലകനുമായി ഒമ്പത് വർഷത്തോളം ബ്ലാസ്റ്റേഴ്സിൽ പ്രവർത്തിച്ചശേഷമാണ് ഇഷ്ഫാഖ് ക്ലബ് വിടുന്നതെന്നാണ് വാർത്തകൾ. ഇഷ്ഫാഖ് ക്ലബ് വിടുകയാണെന്ന് ബ്ലാസ്റ്റേഴ്സ് പ്രഖ്യാപിച്ചെങ്കിലും പിന്നീട് ട്വീറ്റ് ഡിലീറ്റ് ചെയ്തു.
ജമ്മുകശ്മീരിൽ നിന്നുള്ള കളിക്കാരനായ ഇഷ്ഫാഖ് 2014-ലെ ആദ്യ ഐഎസ്എൽ സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ ഭാഗമായത്. തൊട്ടടുത്ത വർഷം കളിക്കാരാനിയിരിക്കെ തന്നെ ക്ലബിന്റെ സഹപരിശീലകനായും ഇഷ്ഫാഖ് പ്രവർത്തനം തുടങ്ങി. പിന്നീട് കളിക്കളത്തിൽ നിന്ന് വിരമിച്ചശേഷം ബ്ലാസ്റ്റേഴ്സിന്റെ സഹപരിശീലകസ്ഥാനം ഇഷ്ഫാഖ് ഏറ്റെടുത്തു. ഇടയ്ക്ക് മുൻ ബ്ലാസ്റ്റേഴ്സ് പരിശീലകൻ സ്റ്റീവ് കോപ്പലിനൊപ്പം ജെംഷ്ദ്പുർ എഫ്സിയുടെ സഹപരിശീലകനായും ഇഷ്ഫാഖ് പ്രവർത്തിച്ചു.
പിന്നീട് 2019-ൽ ബ്ലാസ്റ്റേഴ്സ് സഹപരിശീലകനായി ഇഷ്ഫാഖ് തിരിച്ചെത്തി. 2020-21 സീസണിൽ കിബു വിക്കുന പുറത്തായ ഒഴിവിൽ രണ്ട് മത്സരങ്ങളിൽ ഇടക്കാല പരിശീലകനായും ഇഷ്ഫാഖ് പ്രവർത്തിച്ചു. ബ്ലാസ്റ്റേഴ്സ് ഐഎസ്എൽ പ്ലേ ഓഫിലെത്തിയ കഴിഞ്ഞ രണ്ട് സീസണുകളിലും ഇഷ്ഫാഖിന്റെ പങ്ക് നിർണായകമായിരുന്നു.