സഞ്ജു സാംസൺ ഇന്ത്യക്ക് വേണ്ടി കളിക്കണം; ഹർഭജൻ സിംഗ്

ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസണിന്റെ ബാറ്റിങിനെ അഭിനന്ദിച്ച് മുൻ ഇന്ത്യൻ താരം ഹർഭജൻ സിംഗ്. 32 പന്തിൽ 60 റൺസെടുത്ത സഞ്ജുവാണ് ഹാർദിക് പാണ്ഡ്യയുടെ ഗുജറാത്തിനെതിരെ രാജസ്ഥാൻ റോയൽസിന്റെ ആദ്യ വിജയത്തിന് അടിത്തറയിട്ടത്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിൽ 178 റൺസ് പിന്തുടരുന്നതിനിടെ കളിയുടെ 11-ാം ഓവറിൽ 55/4 എന്ന നിലയിൽ എത്തിയ ടീമിനെയാണ് റോയൽസ് ക്യാപ്റ്റൻ  മുന്നോട്ട് നയിച്ചത്.

ഗുജറാത്തിന്റെ സ്‌പിൻ നിരയിലെ കരുത്തൻ റാഷിദ് ഖാനെ ഒറ്റ ഓവറിൽ മൂന്ന് സിക്‌സറുകൾ പറത്തി സഞ്ജു ഞെട്ടിച്ചു കളഞ്ഞു. മുൻ മത്സരങ്ങളിൽ റൺസ് വഴങ്ങുന്നതിൽ പിശുക്ക് കാട്ടിയിരുന്ന റാഷിദ് ഖാൻ, നാല് ഓവറിൽ നിന്ന് 46 റൺസാണ് ഇന്നലെ വഴങ്ങിയത്.

മുൻ ഇന്ത്യൻ താരം ഹർഭജൻ സിംഗ് സഞ്ജുവിന്റെ ഇന്നിംഗ്‌സിനെ അഭിനന്ദിക്കുകയും അദ്ദേഹത്തെ സ്പെഷ്യൽ പ്ലയർ എന്ന വിശേഷിപ്പിക്കുകയും ചെയ്‌തിരുന്നു. കളിയിലെ ഏറ്റവും പ്രധാനപ്പെട്ട ഇന്നിംഗ്‌സ് സഞ്ജു കളിച്ചുവെന്നും രാജസ്ഥാനെ വിജയത്തിലേക്ക് നയിക്കാൻ കഴിയുന്ന ഒരു നിലയിൽ എത്തിച്ചുവെന്നും മുൻ സ്‌പിന്നർ അഭിപ്രായപ്പെട്ടു.

“ക്യാപ്റ്റന്റെ വലിയൊരു ഇന്നിംഗ്‌സ്. ഇത്തരം താരങ്ങൾക്ക് മറ്റ് കളിക്കാരേക്കാൾ ധൈര്യമുണ്ട്. അദ്ദേഹം ഒരു സ്പെഷ്യൽ പ്ലയറാണ്. ഹെറ്റ്മെയറിനേക്കാൾ വലിയ സ്വാധീനം അദ്ദേഹത്തിനുണ്ടായിരുന്നു, കാരണം അദ്ദേഹമാണ് മത്സരം വരുതിയിലാക്കിയത്. ഷിംറോൺ ഹെറ്റ്മെയർ അത് പൂർത്തിയാക്കി.” മത്സരശേഷം സ്‌റ്റാർ സ്‌പോർട്‌സിനോട് ഹർഭജൻ പറഞ്ഞു.