ടുറാൻ ഇനി പരിശീലകൻ; പുതിയ ദൗത്യം തുർക്കി ക്ലബിൽ

വിഖ്യാത തുർക്കി താരം അർദാ ടുറാൻ ഇനി പരിശീലകവേഷത്തിൽ. തുർക്കിയിലെ തന്നെ രണ്ടാം ഡിവിഷൻ ക്ലബായ ഇപ്സ്പോറിന്റെ പരിശീലകകനായാണ് ടുറാന്റെ നിയമനം. 36 വയസുകാരനായ ടുറാൻ കഴിഞ്ഞ സെപ്റ്റംബറിലാണ് കളിക്കളത്തോട് വിടപറഞ്ഞത്.

തുർക്കിയിലെ രണ്ടാം ഡിവിഷനിൽ നിലവിൽ മൂന്നാം സ്ഥാനത്താണ് ഇപ്സ്പോർ. തുർക്കിഷ് സൂപ്പർ ലീ​ഗിലേക്ക് സ്ഥാനക്കയറ്റം പ്രതീക്ഷിക്കുന്ന ക്ലബ് കൂടിയാണിത്. ഇതിനിടെയാണിപ്പോൾ പരിശീലകനായി ടുറാന്റെ നിയമനം. നെതർലൻഡ്സിന്റെ സൂപ്പർതാരം റയാൻ ബാബേൽ ഈ ടീമിൽ കളിക്കുന്നുണ്ട്.

എക്കാലത്തേയും മികച്ച തുർക്കി ഫുട്ബോൾ താരങ്ങളിലൊരാളാണ് ടുറാൻ. എന്നാൽ സ്ഥിരം വിവാദങ്ങളുടെ നിഴലിൽകൂടിയായിരുന്നു ഈ മിഡ്ഫീൽഡറുടെ യാത്ര. സ്പെയിനിൽ അത്ലെറ്റിക്കോ മഡ്രിഡ‍ിനായി കളിക്കവെയാണ് ടുറാൻ ലോകശ്രദ്ധ നേടിയത്. ബാഴ്സലോണയ്ക്കായും ടുറാൻ കളിച്ചിട്ടുണ്ട്. തുർക്കി സൂപ്പർക്ലബ് ​ഗലാറ്റസരെയ്ക്ക് വേണ്ടിയാണ് ടുറാൻ ഒടുവിൽ ബൂട്ടുകെട്ടിയത്.