ചെന്നൈ സൂപ്പർ കിങ്സ് ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണി ഈ സീസണോടെ ഐപിഎല്ലിൽ നിന്ന് വിരമിക്കുമെന്ന് മുൻ സഹതാരത്തിന്റെ വെളിപ്പെടുത്തൽ. ഇത് അദ്ദേഹത്തിന്റെ അവസാന ഐപിഎല്‍ സീസണായിരിക്കുമെന്ന് മുൻ ചെന്നൈ താരം കേദാർ ജാദവാണ് വെളിപ്പെടുത്തിയത്. ന്യൂസ് 18 ക്രിക്കറ്റ് നെക്സ്റ്റിനോട് സംസാരിക്കവെയാണ് കേദാർ ജാദവ് ഇക്കാര്യം പറഞ്ഞത്.
”2000 % ഉറപ്പോടെയാണ് ഞാൻ ഇക്കാര്യം പറയുന്നത്. ഇത് ധോണിയുടെ അവസാന ഐപിഎൽ സീസണായിരിക്കും”- മുൻ സിഎസ്കെ താരം പറഞ്ഞു. ” ഈ ജൂലൈയിൽ ധോണിക്ക് 42 വയസാകും. ഇപ്പോഴും ശാരീരികമായി ഫിറ്റാണെങ്കിലും അദ്ദേഹവും ഒരു മനുഷ്യനാണ്. അതുകൊണ്ട് ഇത് അദ്ദേഹത്തിന്റെ അവസാന ഐപിഎൽ സീസണായിരിക്കും. ധോണി ഗ്രൗണ്ടിലുണ്ടെങ്കിൽ ആരാധകർക്ക് അദ്ദേഹത്തിന്റെ ഒരു മത്സരവും നഷ്ടപ്പെടില്ല” – കേദാർ ജാദവ് പറഞ്ഞു.
ധോണിയുടെ നേതൃത്വത്തിൽ ചെന്നൈ ടീം ഇതുവരെ ഈ ഐപിഎൽ കളിച്ചിടത്തെല്ലാം ആരാധകർ തടിച്ചുകൂടിയിരുന്നു, പ്രത്യേകിച്ച് ഹോം ഗ്രൗണ്ടായ ചെപ്പോക്ക് സ്റ്റേഡിയത്തിൽ. “കഴിഞ്ഞ ദിവസം ധോണി ബാറ്റ് ചെയ്യുമ്പോൾ ഞങ്ങൾ ജിയോ സിനിമ റെക്കോർഡും തകർത്തു,” അടുത്തിടെ രാജസ്ഥാൻ റോയൽസിനെതിരെ എംഎസ്ഡി ബാറ്റ് ചെയ്യുമ്പോൾ 2.2 കോടി പ്രേക്ഷകർ ജിയോ സിനിമയിലൂടെ അത് കണ്ടതിനെ പരാമർശിച്ച് ജാദവ് പറഞ്ഞു.
ഈ സീസണിൽ തകർപ്പൻ ഫോമിലാണ് ധോണി. മൂന്ന് ഇന്നിംഗ്‌സുകളിലായി 27 പന്തുകൾ മാത്രമാണ് അദ്ദേഹം നേരിട്ടതെങ്കിലും അവയിൽ നിന്ന് രണ്ട് ഫോറും ആറ് സിക്‌സും ഉൾപ്പെടെ 58 റൺസാണ് അദ്ദേഹം അടിച്ചുകൂട്ടിയത്. രാജസ്ഥാന് എതിരെ, അതിവേഗം 32 നോട്ടൗട്ട് സ്കോറിലൂടെ കാണികളെ ആവേശഭരിതരാക്കി.
ഏപ്രിൽ 17ന് നടക്കുന്ന എവേ പോരാട്ടത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെയാണ് സിഎസ്‌കെ അടുത്തതായി നേരിടുക.
2014 നും 2022 നും ഇടയിൽ 73 ഏകദിനങ്ങളിലും 9 ടി20 കളിലും ഇന്ത്യയെ പ്രതിനിധീകരിച്ച ജാദവ്, ഹാർദിക് പാണ്ഡ്യയുടെ നേതൃത്വത്തിലുള്ള ഗുജറാത്ത് ടൈറ്റൻസ് വീണ്ടും ഐപിഎൽ കിരീടം നേടാനുള്ള സാധ്യതയുണ്ടെന്നും പറയുന്നു.