ഇന്ത്യൻ പ്രീമിയർ ലീഗിലെ കഴിഞ്ഞ ദിവസത്തെ പോരാട്ടത്തിൽ ചെന്നൈ സൂപ്പർ കിങ്സിനെ രാജസ്ഥാൻ റോയൽസ് വീഴ്ത്തിയിരുന്നു. ചെന്നൈയുടെ തട്ടകത്തിൽ നടന്ന ആവേശകരമായ പോരാട്ടത്തിൽ മൂന്ന് റൺസിനായിരുന്നു സഞ്ജും സാംസൻ നയിച്ച രാജസ്ഥാന്റെ നാടകീയജയം
ബൗളിങ് മികവാണ് രാജസ്ഥാന്റെ വിജയത്തിന്റെ അടിസ്ഥാനം. എന്നാൽ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാനെ പൊരുതാവുന്ന ടോട്ടലിലേക്ക് നയിച്ചത് ജോസ് ബട്ലറിന്റെ അർധസെഞ്ച്വറിയായിരുന്നു. മത്സരശേഷം ബട്ലറെ വാനോളം പുകഴ്ത്തുകയാണ് മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ്. നിലവവുള്ള ഏറ്റവും മികച്ച ബാറ്ററാണ് ബട്ലറെന്നാണ് ഹർഭജൻ പറയുന്നത്.
ബട്ലറെ പുകഴ്ത്താൻ എനിക്ക് വാക്കുകൾ കിട്ടുന്നില്ല, ബാറ്റിങ്ങിലെ പെർഫെക്ഷന് വേണ്ടി ക്രീസ് നന്നായി അദ്ദേഹം ഉപയോഗിക്കുന്നുണ്ട്, മികച്ച ടെക്നിക് അദ്ദേഹത്തിന് അവകാശപ്പെടാനാകും, മാത്രവുമല്ല സ്പിന്നിനെതിരേയും പേസിനെതിരേയും മികച്ച ഫൂട്ട്‌വർക്കാണ് ബട്ലറുടേത്, എന്റെ അഭിപ്രായത്തിൽ ലോകക്രിക്കറ്റിൽ ഇപ്പോഴുള്ള ഒന്നാം നമ്പർ ബാറ്റർ ബട്ലറാണ്, ഹർഭജൻ സ്റ്റാർ സ്പോർട്സിനോട് പറഞ്ഞു.