യൂറോപ്പാ ലീഗ് ക്വാർട്ടർ ഫൈനൽ ആദ്യ പാദ പോരട്ടത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് അപ്രതീക്ഷിത സമനില. സ്വന്തം തട്ടകമായ ഓൾഡ് ട്രഫോർഡിൽ നടന്ന പോരാട്ടത്തിൽ സ്പാനിഷ് വമ്പന്മാരായ സെവിയ്യയാണ് യുണൈറ്റഡിനെ സമനിലയിൽ പൂട്ടിയത്. ഇരുടീമുകളും രണ്ട് ഗോൾ വീതം നേടി.
മാഞ്ചസ്റ്ററിൽ നടന്ന പോരിൽ ആദ്യ 25 മിനിറ്റിനുള്ളിൽ തന്നെ ആതിഥേയർ രണ്ട് ഗോൾ ലീഡെടുത്തതാണ്. 14, 21 മിനിറ്റുകളിലായി ഓസ്ട്രിയൻ താരം മാർസെൽ സാബിറ്റ്സറാണ് യുണൈറ്റഡിന് വേണ്ടി ഗോളുകൾ നേടി. ഈ രണ്ട് ഗോളുകളുടെ മികവിൽ യുണൈറ്റഡ് വിജയമുിറപ്പിച്ചതുമാണ്. എന്നാൽ 84-ാം മിനിറ്റിൽ ടൈമൽ മലാസിയയുടെ സെൽഫി ഗോൾ സെവിയ്യക്ക് ആത്മവിശ്വാസം പകർന്നു. പിന്നീട് ഇഞ്ച്വറി ടൈമിൽ ഹാരി മഗ്വയറും സ്വന്തം പോസ്റ്റിലേക്ക് പന്തെത്തിച്ചതോടെ സെവിയ്യക്ക് ആവേശസമനില.
ക്വാർട്ടറിലെ മറ്റ് പോരാട്ടങ്ങളിൽ യുവന്റസ് സ്പോർട്ടിങ് ലിസ്ബനെ എതിരില്ലാത്ത ഒരു ഗോളിന് വീഴ്ത്തി. റോമയെ ഫെയ്നൂർദ് എതിരില്ലാത്ത ഒരു ഗോളിന് അട്ടിമറിച്ചപ്പോൾ ബയേർ ലെവർക്യൂസൻ-യൂണിയൻ ഗിലോസി മത്സരം ഇരുടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിൽ അവസാനിപ്പിച്ചു.