ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് ലെസ്റ്റർ സിറ്റിയുടെ പരിശീലകനായി ഡീൻ സ്മിത്തിനെ നിയമിച്ചു. ഈ സീസൺ അവസാനം വരെയാണ് ഇംഗ്ലീഷ് പരിശീലകനായ സ്മിത്തിന്റെ ചുമതല. ക്ലബ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചു.
പ്രീമിയർ ലീഗിൽ തരംതാഴ്ത്തൽ ഭീഷണിയിലാണ് ലെസ്റ്റർ. ഇതോടെ നാല് വർഷമായി ക്ലബിന്റെ ചുമതല വഹിക്കുന്ന ബ്രണ്ടൻ റോഡ്ജേഴ്സിനെ ഈ മാസം ആദ്യം ക്ലബ് പുറത്താക്കിയിരുന്നു. ഈ ഒഴിവിലേക്കാണ് സ്മിത്തിന്റെ നിയമനം. ബ്രെന്റ്ഫോർഡ്, ആസ്റ്റൺ വില്ല, നോർവിച്ച് സിറ്റി എന്നീ പ്രധാന ക്ലബുകളെ പരിശീലിപ്പിച്ച പരിചയം സ്മിത്തിനുണ്ട്.
ബ്രണ്ടൻ റോഡ്ജേഴ്സിന് പകരക്കാരനായ പല വൻ പേരുകളും ക്ലബ് പരിഗണിച്ചിരുന്നു. റാഫേൽ ബെനിറ്റസ്, ജെസ്സെ മാർഷ് തുടങ്ങിയവരുമായി ക്ലബ് ചർച്ചകളും നടത്തിയിരുന്നു. റാൾഫ് ഹസൻഹട്ടിലിന്റെ പേരും ചർച്ചകളിലുയർന്നിരുന്നു. എന്നാൽ ഒടുവിൽ കഴിഞ്ഞ ഡിസംബറിൽ നോർവിച്ച് വിട്ട സ്മിത്തിൽ വിശ്വാസമർപ്പിക്കാൻ ലെസ്റ്റർ തീരുമാനിക്കുകയായിരുന്നു.