മുൻ ആർസിബി നായകൻ വിരാട് കോഹ്ലി മികച്ച ഫോമിലാണ് തന്റെ ഐപിഎൽ ക്യാമ്പയിൻ മുന്നോട്ട് കൊണ്ട് പോവുന്നത്. എന്നാൽ ഈ ഐപിഎൽ സീസണിൽ കോഹ്ലി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനായി (ആർസിബി) ഇന്നിംഗ്സ് ഓപ്പൺ ചെയ്യരുതെന്നാണ് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഇർഫാൻ പത്താൻ പറയുന്നത്. മുംബൈ ഇന്ത്യൻസിനെതിരെ ക്യാപ്റ്റൻ ഫാഫ് ഡു പ്ലെസിസിനൊപ്പം 148 റൺസിന്റെ ഓപ്പണിംഗ് കൂട്ടുകെട്ട് ഉണ്ടാക്കിയ കോഹ്ലി, സ്കോർ പിന്തുടരുമ്പോൾ എങ്ങനെ ബാറ്റ് വീശണമെന്നതിന്റെ ഉദാഹരണമാണ് കാണിച്ചത്.
എന്നിരുന്നാലും, കോഹ്ലി അതേ നിലയിൽ സീസൺ മുഴുവൻ സ്കോറിംഗ് തുടരുമെന്നോ, ഫ്രാഞ്ചൈസി മത്സരങ്ങൾ വിജയിക്കുമെന്നോ ഉറപ്പില്ലെന്നാണ് ഇർഫാൻ പത്താൻ പറയുന്നത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് എതിരെ ആർസിബി 81 റൺസിന് തോറ്റ മത്സരത്തിൽ കോഹ്ലി കേവലം 21 റൺസിന് പുറത്തായ ശേഷമായിരുന്നു പത്താന്റെ വാക്കുകൾ.
മുംബൈക്കെതിരായ ആർസിബിയുടെ ആദ്യ മത്സരത്തിൽ, ഐപിഎല്ലിൽ 800 ബൗണ്ടറികൾ പൂർത്തിയാക്കിയ കോഹ്ലി, ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ മാത്രം താരവും രണ്ടാമത്തെ ഇന്ത്യൻ താരവുമായിരുന്നു. ഏറ്റവും കൂടുതൽ ഐപിഎൽ ബൗണ്ടറികൾ നേടിയവരുടെ പട്ടികയിൽ ശിഖർ ധവാനാണ് മുന്നിൽ, ഡേവിഡ് വാർണറാണ് രണ്ടാമത്.
2008 മുതൽ ആർസിബിക്ക് വേണ്ടി കളിക്കുകയും എട്ട് സീസണുകളിൽ ഫ്രാഞ്ചൈസിയെ നയിക്കുകയും ചെയ്ത കോഹ്ലി, ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് ലീഗിൽ 50 ഫിഫ്റ്റി പ്ലസ് സ്കോറുകളും നേടിയിട്ടുണ്ട്. വാർണർക്ക് ശേഷം ഐപിഎല്ലിലെ നാഴികക്കല്ല് മറികടക്കുന്ന രണ്ടാമത്തെ താരമായിരുന്നു കോഹ്ലി.
“ആദ്യ കുറച്ച് മത്സരങ്ങളിൽ തന്നെ വിരാട് കോഹ്ലിയുടെ ബാറ്റിൽ നിന്ന് റൺസ് പുറത്തേക്ക് ഒഴുകിയതോടെ ആർസിബിയുടെ കാര്യം ഇക്കുറി വ്യത്യസ്തമാണ്. എന്നാൽ അദ്ദേഹം അതേ വേഗതയിൽ (അല്ലെങ്കിൽ സീസണിന്റെ ശേഷിക്കുന്ന സമയങ്ങളിൽ) സ്കോർ ചെയ്യുന്നത് തുടരുമെന്നും, എല്ലാ മത്സരങ്ങളും നിങ്ങളെ വിജയിപ്പിക്കുമെന്നും യാതൊരു ഉറപ്പുമില്ല.” പത്താൻ പറഞ്ഞു.
“ഇതുപോലുള്ള ഒരു ടൂർണമെന്റിൽ, ആർസിബി സ്ക്വാഡിലെ മറ്റ് ബാറ്റർമാർ വെല്ലുവിളി ഏറ്റെടുക്കാൻ തയ്യാറാകുകയും അവരുടെ കഴിവുകളും റോളുകളും ന്യായീകരിക്കുകയും വേണം. കൂടാതെ, കോഹ്ലി ആർസിബിക്ക് വേണ്ടി ബാറ്റിംഗ് ഓപ്പൺ ചെയ്യണമെന്ന് ഞാൻ കരുതുന്നില്ല” ഇർഫാൻ പത്താൻ പറഞ്ഞു.