Super Cup 2023: സൂപ്പർ കപ്പ് 2023; ബ്ലാസ്‌റ്റേഴ്‌സ് ആദ്യ അങ്കത്തിന് നാളെ ഇറങ്ങും

Super Cup 2023: ഐഎസ്എല്ലിൽ പ്രതീക്ഷിച്ച ഫലം ലഭിക്കാതെ നിരാശരായ കേരള ബ്ലാസ്‌റ്റേഴ്‌സ് സൂപ്പർ കപ്പ് പോരാട്ടത്തിന് നാളെ ഇറങ്ങും. ഏപ്രില്‍ എട്ട് ശനിയാഴ്‌ച കോഴിക്കോട് ഇഎംഎസ് കോര്‍പറേഷന്‍ സ്‌റ്റേഡിയത്തില്‍ ഐ ലീഗ് ജേതാക്കളായ റൗണ്ട് ഗ്ലാസ് പഞ്ചാബിനെതിരെയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യ മത്സരം. തുടർന്ന് ഏപ്രിൽ 12ന് ശ്രീനിധി ഡെക്കാനുമായി രണ്ടാം മത്സരവും, 16ന് ഐഎസ്എല്ലിലെ ചിരകാല വൈരികളായ ബെംഗളൂരു എഫ്‌സിയുമായി മൂന്നാം മത്സരവും നടക്കും.

ഗ്രൂപ്പ് ബിയില്‍ ഹൈദരാബാദ് എഫ്‌സി, ഒഡിഷ എഫ്‌സി, ഈസ്‌റ്റ് ബംഗാള്‍ എഫ് എന്നിവയ്‌ക്കൊപ്പം ഐസ്‌വാൾ എഫ്‌സിയും കൂടിയെത്തും.  ഗ്രൂപ്പ് സിയില്‍ ഐഎസ്എൽ ചാമ്പ്യന്മാരായ എടികെ മോഹന്‍ ബഗാന്‍, എഫ്‌സി ഗോവ, ജംഷഡ്‌പൂർ എഫ്‌സി എന്നിവയ്‌ക്കൊപ്പം കേരളത്തിന്റെ സ്വന്തം ഗോകുലം കേരള എഫ്‌സിയും, ഗ്രൂപ്പ് ഡിയില്‍ കരുത്തരായ മുംബൈ സിറ്റി എഫ്‌സി, ചെന്നൈയിന്‍ എഫ്‌സി, നോര്‍ത്ത് ഈസ്‌റ്റ് യുണൈറ്റഡ്, ചർച്ചിൽ ബ്രദേഴ്‌സ് എന്നീ ടീമുകളും ആണുള്ളത്.

കോഴിക്കോട് ഇഎംഎസ് സ്‌റ്റേഡിയത്തിനൊപ്പം മഞ്ചേരിയിലെ പയ്യനാട് സ്‌റ്റേഡിയവും സൂപ്പര്‍ കപ്പ് മത്സരങ്ങള്‍ക്ക് വേദിയാവും. ഐഎസ്എല്ലിലെയും ഐ ലീഗിലെയും ക്ലബ്ബുകളെ ഉള്‍പ്പെടുത്തിയാണ് അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍ സൂപ്പര്‍ കപ്പ് സംഘടിപ്പിച്ചിരിക്കുന്നത്. ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനക്കാരാകും സെമിയിലെത്തുക. ഏപ്രില്‍ 21, 22 തീയതികളില്‍ മഞ്ചേരിയിലും കോഴിക്കോടും സെമി ഫൈനലും 25ന് കോഴിക്കോട് വച്ച് ഫൈനലും നടക്കും.