ഇന്ത്യൻ പ്രീമിയിൽ ലീഗ് സീസണിലെ ഉദ്ഘാടനമത്സരത്തിൽ നിലവിലെ ജേതാക്കളായ ഗുജറാത്ത് ടൈറ്റൻസിന് മുന്നിൽ അടിതെറ്റി വീഴാനായിരുന്നു ചെന്നൈ സൂപ്പർ കിങ്സിന്റെ വിധി. ഗുജറാത്തിലെ അഹമ്മദാബാദിൽ നടന്ന മത്സരത്തിൽ അഞ്ച് വിക്കറ്റിനായിരുന്നു ആതിഥേയരുടെ ജയം.
മത്സരത്തിൽ ചെന്നൈ ഇംപാക്ട് പ്ലെയർ ആക്കി ഇറക്കിയത് തുഷാർ ദേശ്പാണ്ഡെയെയിരുന്നു. ഐപിഎൽ ചരിത്രത്തിലെ ആദ്യ ഇംപാക്ട് പ്ലെയർ കൂടിയായിരന്നു തുഷാർ. എന്നാൽ തുഷാറിന്റെ പ്രകടനം നിരാശപ്പെടുത്തി. 3.2 ഓവർ എറിഞ്ഞ തുഷാർ 51 റൺസാണ് വഴിങ്ങിയത്. തുഷാർ റൺസ് വഴങ്ങുമ്പോഴും പകരം മോയിൻ അലിക്ക് അവസരം നൽകാതിരുന്ന ചെന്നൈ ക്യാപ്റ്റൻ മഹേന്ദ്ര സിഘ് ധോണിയുടെ തീരുമാനം വലിയ പിഴവാണെന്നാണ് മുൻ ഇന്ത്യൻ താരം വിരേന്ദർ സേവാഗ് പറയുന്നത്.
മധ്യ ഓവറുകളിൽ എപ്പോഴെങ്കിലും ധോണിക്ക് ഒരോവർ മോയിൻ അലിക്ക് കൊടുക്കാമായിരുന്നു, റൺസ് വഴങ്ങിക്കൊണ്ടേയിരുന്ന തുഷാറിനെ തന്നെ ഉപയോഗിച്ചത് തെറ്റായി, വലങ്കൈയ്യൻ ബാറ്റർമാർ കളത്തിലുള്ളപ്പോൾ ഓഫ് സ്പിന്നറിന് പന്ത് നൽകുന്നത് ഒരുപക്ഷെ ഗുണം ചെയ്തേക്കുമായിരുന്നു, ധോണി ഇത്തരം പിഴവുകൾ വരുത്തുമെന്ന് പ്രതീക്ഷിക്കുന്നില്ല, സേവാഗ് ക്രിക്ക്ബസിനോട് പറഞ്ഞു.