റെനാർഡ് വീണ്ടും ലോകകപ്പിന്; ഇക്കുറി സ്വന്തം രാജ്യത്തിനൊപ്പം

ഖത്തർ ലോകകപ്പിൽ അർജന്റീനയെ ഞെട്ടിച്ച സൗദി അറേബ്യയുടെ പരിശീലകൻ ഹാർവെ റെനാർഡ് വീണ്ടുമൊരു ലോകകപ്പിന് കൂടി തയ്യാറെടുക്കുന്നു. കഴിഞ്ഞ ദിവസം സൗദി അറേബ്യ ദൗത്യമൊഴിഞ്ഞ റെനാർഡ്, ഫ്രാൻസ് വനിതാ ടീമിന്റെ ചുമതലയേറ്റെടുത്തു. ഈ വർഷം നടക്കാനിരിക്കുന്ന ലോകകപ്പ് ലക്ഷ്യമിട്ടാണ് ഈ നീക്കം.

ഈ വർഷം ജൂലൈ-ഓ​ഗസ്റ്റ് മാസങ്ങളിലായി ഓസ്ട്രേലിയയും ന്യൂസിലൻഡുമാണ് വനിതാ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്. എന്നാൽ ലോകകപ്പിന് കേവലം മാസങ്ങൾ മുമ്പ് മാത്രമാണ് ദേശീയ ടീം ദൗത്യം റെനാർഡ് ഏറ്റെടുക്കുന്നത്. 2024 ഓ​ഗസ്റ്റ് വരെയാണ് ഫ്രാൻസ് വനിതാ ടീമിന്റെ ചുമതല റെനാർഡ് വഹിക്കുക. ലോകകപ്പിന് പുറമെ അടുത്ത വർഷം സ്വന്തം നാട്ടിൽ നടക്കുന്ന ഒളിംപിക്സിലും റെനാർഡ് ഫ്രഞ്ച് വനിതാ ടീമിന് തന്ത്രങ്ങൾ പറഞ്ഞുകൊടുക്കും.

കഴിഞ്ഞ ആറ് വർഷമായി ടീമിനെ പരിശീലിപ്പിക്കുന്ന കോറിൻ ദിയാക്കറെയെ ഈ മാസം ആദ്യം ഫ്രാൻസ് ഫുട്ബോൾ അധികൃതർ പുറത്താക്കിയിരുന്നു. ക്യാപ്റ്റൻ വെൻഡ് റെനാർഡടക്കം പല താരങ്ങളും കോറിനുമായി ഇടഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് നടപടിയെടുത്തത്. 2019 ലോകകപ്പിന്റെ കോറിന്റെ കീഴിൽ ഫ്രാൻസ് ക്വാർട്ടർ ഫൈനലിലെത്തിയിരുന്നു.