അഞ്ച് പടിയെങ്കിലും കയറും; ഫിഫ റാങ്കിങ്ങിൽ ഇന്ത്യക്ക് വൻ മുന്നേറ്റത്തിന് സാധ്യത

ത്രിരാഷ്ട്ര ടൂർണമെന്റിലെ വിജയത്തിന് പിന്നാലെ ഫിഫ റാങ്കിങ്ങിൽ വൻ മുന്നേറ്റം പ്രതീക്ഷിച്ച് ഇന്ത്യ. റാങ്കിങ്ങിൽ ഏറെ മുന്നിലുള്ള കിർ​ഗിസ്ഥാൻ, മ്യാൻമാർ എന്നീ ടീമുകളെ വീഴ്ത്തിയതിന് പിന്നാലെ ഇന്ത്യ ഫിഫ റാങ്കിങ്ങിൽ ആദ്യ നൂറിനുള്ളിൽ ഇടം പിടിക്കാനും സാധ്യതയേറെയാണ്.

വിവിധ മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ അനുസരിച്ച് റാങ്കിങ്ങിൽ കുറഞ്ഞത് അഞ്ച് സ്ഥാനമെങ്കിലും ഇന്ത്യ മുന്നേറുമെന്നുറപ്പാണ്. അങ്ങനവെന്നാൽ നിലവിൽ 106-ാം സ്ഥാനത്തുള്ള ഇന്ത്യ 101-ൽ എത്തും. ഫിഫ റാങ്കിങ്ങിൽ 94-ാം സ്ഥാനത്തുള്ള കിർ​ഗിസ്ഥാനെ വീഴ്ത്തിയതാണ് ഇന്ത്യക്ക് തുണയായത്.

അതേസമയം തന്നെ റാങ്കിങ്ങിൽ ആദ്യ നൂറുള്ളിൽ ഇന്ത്യ ഇടം നേടാനുള്ള സാധ്യതയതും ഉണ്ട്. മുമ്പ് സ്റ്റീഫൻ കോൺസ്റ്റന്റൈൻ പരിശീലകനായിരിക്കെ ഫിഫ റാങ്കിങ്ങിൽ ഇന്ത്യ 96-ാം സ്ഥാനത്ത് എത്തിയിട്ടുണ്ട്. 1996-ൽ 94-ാമതെത്തിയതാണ് ഫിഫ റാങ്കിങ്ങിലെ ഇന്ത്യയുടെ ഏറ്റവും മികച്ച നേട്ടം.