ഈ തവണത്തെ വനിതാ ബോക്‌സിംഗ് ലോക ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് ആദ്യ സ്വർണം. 48 കിലോഗ്രാം വിഭാഗത്തിൽ മംഗോളിയയുടെ ലുത്സൈഖാൻ അൽതൻസെറ്റ്സെഗിനെ പരാജയപ്പെടുത്തി ഇന്ത്യയുടെ നിതു ഗംഗാസാണ് സ്വർണം നേടിയത്. 5-0നായിരുന്നു നിതുവിന്റെ ജയം. ലോക ചാമ്പ്യൻഷിപ്പിലെ തന്റെ ആദ്യ കിരീടമാണ് നിതു ഗംഗാസ് ഇന്ന് നേടിയത്.
ചാമ്പ്യൻഷിപ്പിലെ ആദ്യ റൗണ്ടിൽ കൊറിയയുടെ കാങ് ഡോയോണിനെ തോൽപ്പിച്ചാണ് ഗംഗാസ് ടൂർണമെന്റിൽ തന്റെ ക്യാംപയിൻ ആരംഭിച്ചത്. അതിനുശേഷം, 22കാരി രണ്ടാം റൗണ്ടിൽ താജിക്കിസ്ഥാന്റെ കോസിമോവ സുമയ്യയെ പരാജയപ്പെടുത്തി.
ഇതിന് പിന്നാലെ നടന്ന ക്വാർട്ടർ ഫൈനലിൽ ജപ്പാന്റെ വാഡ മഡോകയെ യുവതാരം അനായാസം മറികടന്നു. സെമിയിൽ കസാക്കിസ്ഥാന്റെ അല്വ ബെൽകിബെക്കോവയെ 5-2ന് തോൽപ്പിച്ചാണ് തന്റെ കന്നി ഫൈനലിന് എത്തിയത്.