Ind vs Pak: ഈ വർഷത്തെ ഏഷ്യാ കപ്പിനായി ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിനോട് പാകിസ്ഥാൻ പര്യടനം നടത്താനും, ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള ആദ്യ ചുവടുകൾ സ്വീകരിക്കാനും ആവശ്യപ്പെട്ട് മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ ഷാഹിദ് അഫ്രീദി. ഇരുടീമുകളും തമ്മിൽ മുമ്പ് നടത്തിയ സന്ദർശനങ്ങളിൽ എത്രത്തോളം മികച്ച സ്വീകരണമാണ് ലഭിച്ചതെന്ന കാര്യം അഫ്രീദി ഓർമ്മിപ്പിച്ചു.
ഏഷ്യാ കപ്പിന് ആതിഥേയത്വം വഹിക്കുന്ന പട്ടികയിലുള്ള രാജ്യമാണ് പാകിസ്ഥാൻ, എന്നാൽ ടൂർണമെന്റിനായി ഇന്ത്യ അയൽരാജ്യത്തേക്ക് പോകില്ലെന്നും ഒരു നിഷ്‌പക്ഷ വേദിയിലാണ് ടൂർണമെന്റ് നടത്തേണ്ടതെന്നും ബിസിസിഐ സെക്രട്ടറി ജയ് ഷാ കഴിഞ്ഞ വർഷം വ്യക്തമാക്കിയിരുന്നു. എന്നാൽ മറുവശത്ത്, പിസിബി തീരുമാനത്തിൽ ഉറച്ച് നിൽക്കുകയും 2023ൽ ഇന്ത്യയിൽ നടക്കുന്ന ലോകകപ്പ് ബഹിഷ്‌കരിക്കുമെന്ന് ഭീഷണി മുഴക്കുകയും ചെയ്‌തിരുന്നു.
“ഇന്ത്യ ഇവിടേക്ക് വന്നിരുന്നെങ്കിൽ നന്നായിരുന്നു. ക്രിക്കറ്റിലേക്കും പാക്കിസ്ഥാനിലേക്കും ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇതൊരു പുതിയ ചുവടുവയ്‌പായിരിക്കും. ഇത് യുദ്ധങ്ങളുടെയും പോരാട്ടങ്ങളുടെയും തലമുറയല്ല. ബന്ധങ്ങൾ മെച്ചപ്പെടണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു” ദോഹയിൽ നടക്കുന്ന ലെജൻഡ്‌സ് ലീഗ് ക്രിക്കറ്റിനിടെ അഫ്രീദി പറഞ്ഞു.
“നമ്മൾ ഒരിക്കലും പരസ്‌പരം ചർച്ച ചെയ്യുന്നില്ല എന്നതാണ് യഥാർത്ഥ വസ്‌തുത. ആശയവിനിമയമാണ് ഏറ്റവും പ്രധാനം. രാഷ്ട്രീയക്കാരും അതുതന്നെ ചെയ്യുന്നു, അവർ ചർച്ച ചെയ്യുന്നു. ചർച്ചകൾ നടത്തുന്നത് വരെ ഒന്നും പരിഹരിക്കപ്പെടുകയില്ല. ഇന്ത്യ പാക്കിസ്ഥാനിലേക്ക് വന്നാൽ നന്നായിരുന്നു. ഞങ്ങളും നമ്മുടെ സർക്കാരുകളും പരസ്‌പരം മെച്ചപ്പെട്ട ബന്ധം ആഗ്രഹിക്കുന്നു” അഫ്രീദി ചൂണ്ടിക്കാട്ടി.
2008 ഏഷ്യാ കപ്പിന് വേണ്ടിയായിരുന്നു ഇന്ത്യയുടെ അവസാനത്തെ പാകിസ്ഥാൻ പര്യടനം നടന്നത്. പാകിസ്ഥാൻ മണ്ണിലെ ഇന്ത്യയുടെ അവസാന ഉഭയകക്ഷി പരമ്പര 2006ലും നടന്നു. 2012-13-ൽ ഇന്ത്യൻ മണ്ണിൽ നടന്ന പരമ്പരയ്ക്ക് ശേഷം ഇരു രാജ്യങ്ങളും തമ്മിൽ ഉഭയകക്ഷി ക്രിക്കറ്റ് കളിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്. 2016-ലെ ടി20 ലോകകപ്പിന് വേണ്ടിയായിരുന്നു പാകിസ്ഥാന്റെ ഏറ്റവും അവസാനത്തെ ഇന്ത്യാ സന്ദർശനം. അഫ്രീദിയുടെ അവസാന മത്സരവും ഈ ടൂർണമെന്റിൽ ആയിരുന്നു നടന്നത്.