ന്യൂഡൽഹി: നോകൗട്ട് മത്സരത്തിലെ വിവാദ ഗോളിന്റെ പേരില്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം സുനില്‍ ഛേത്രിക്കും കുടുംബത്തിനുമെതിരെ നടക്കുന്ന സൈബർ ആക്രമണത്തിൽ പ്രതികരിച്ച് ബംഗളൂരു എഫ്.സി ഉടമ പാർത്ഥ ജിൻഡാൽ. രാജ്യത്തെ ഏത് ക്ലബ്ബും ചെയ്യുന്നതിനേക്കാൾ മഹത്തായ കാര്യങ്ങളാണ് ഛേത്രി ഇന്ത്യയ്ക്ക് വേണ്ടി ചെയ്യുന്നതെന്നും, ആർക്കെതിരെയാണ് നിങ്ങൾ കൂവൽ നടത്തുന്നതെന്നും അദ്ദേഹം ചോദിച്ചു. ട്വിറ്ററിലൂടെയായിരുന്നു ജിൻഡാലിന്റെ പ്രതികരണം.
‘ആർക്കെതിരെയാണ് നിങ്ങൾ കൂവുന്നത്? നിങ്ങളുടെ ക്ലബ്ബും ഞങ്ങളുടെ ക്ലബ്ബും ചെയ്യുന്നതിനേക്കാൾ മഹത്തായ കാര്യങ്ങൾ ആണ് അദ്ദേഹം നമ്മുടെ രാജ്യത്തിന് വേണ്ടി ചെയ്യുന്നത്. അദ്ദേഹം ഒരു ഇതിഹാസമാണ്. എല്ലാ ഫുട്‍ബോൾ ആരാധകരുടെയും ബഹുമാനം അയാൾ അർഹിക്കുന്നുണ്ട്’, ജിൻഡാൽ കുറിച്ചു.
അതേസമയം, ഛേത്രിക്ക് നേരെ നടക്കുന്ന സൈബർ ആക്രമണങ്ങളിൽ ബ്ളാസ്റ്റേഴ്സ് ആരാധകരെ രൂക്ഷമായി വിമർശിച്ച് ഛേത്രിയുടെ ഭാര്യ സോനം ഭട്ടാചര്‍ജി രംഗത്ത് വന്നിരുന്നു. കുടുംബത്തെ അധിക്ഷേപിച്ച് നിങ്ങൾ ലക്ഷ്യം നിറവേറ്റിയെന്ന് ഞാൻ കരുതുന്നു, പകയും വിദ്വേഷവുമെല്ലാം ഫൈനൽ വിസിൽ മുഴുങ്ങുമ്പോൾ ഗ്രൗണ്ടിൽ തന്നെ തീരണമെന്നും സോനം ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
‘ഫുട്ബാള്‍, അഭിനിവേശം, പിന്തുണ എന്നിവക്കിടയില്‍ പരസ്പരം ദയ കാണിക്കാനും മാന്യമായി പെരുമാറാനും നമ്മള്‍ എങ്ങനെ മറന്നു? സമൂഹമാധ്യമങ്ങളിലൂടെ വെറുപ്പ് നിറഞ്ഞ കാര്യങ്ങള്‍ കുത്തിവെച്ചതോടെ നിങ്ങള്‍ക്ക് കുടുംബത്തോടെ സമാധാനമായി ഇരിക്കാന്‍ സാധിക്കുന്നുണ്ടാകും. ഞങ്ങളുടെ കുടുംബത്തെ അധിക്ഷേപിച്ച് നിങ്ങള്‍ ആഗ്രഹിക്കുന്ന സന്തോഷം നേടിയെന്ന് കരുതുന്നു. ഊഷ്മളതയും ആതിഥ്യമര്യാദയും അറിയുന്നവര്‍ വസിക്കുന്ന മനോഹര സംസ്ഥാനമാണ് കേരളം. ഈ പ്രവര്‍ത്തി കണ്ടതുകൊണ്ടൊന്നും ആ ചിത്രം മാറില്ല. ഫൈനല്‍ വിസില്‍ ഉയരുന്നതോടെ എല്ലാത്തിനും മുകളിലായി ദയയെ പ്രതിഷ്ഠിക്കുക’, ആരാധകരുടെ വിമര്‍ശനത്തിനെതിരെ സോനം കുറിച്ചു.