ബംഗളൂരു: ഇന്ത്യൻ സൂപ്പർ ലീഗ് നോക്കൗട്ട് മത്സരത്തിൽ ബംഗളൂരു എഫ്‌സിക്കെതിരായ വിവാദ മത്സരത്തിന് പിന്നാലെ കേരള ബ്ളാസ്റ്റേഴ്സ് കളം വിട്ടിരുന്നു. മത്സരം വീണ്ടും കളിക്കണമെന്ന കേരള ബ്ലാസ്റ്റേഴ്‌സിന്റെ അപേക്ഷ ഓൾ ഇന്ത്യ ഫുട്‌ബോൾ ഫെഡറേഷന്റെ അച്ചടക്ക സമിതി തള്ളുകയും ചെയ്തു. ഇതിൽ നിരാശരായ ആരാധകർക്ക് മറ്റൊരു അവസരം വന്നിരിക്കുകയാണ്. ബംഗളൂരുവിനോട് പക വീട്ടാൻ ബ്ളാസ്റ്റേഴ്‍സിന് ഒരു അവസരം വന്നിരിക്കുകയാണ്. അടുത്ത മാസം പതിനാറിന് സൂപ്പര്‍ കപ്പിലാണ് ഇരുടീമും ഏറ്റുമുട്ടുക.
കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിലാവും മത്സരം. ഏപ്രില്‍ മൂന്നിനാണ് സൂപ്പര്‍ കപ്പിന് തുടക്കമാവുക. കോഴിക്കോട്ടും മഞ്ചേരിയിലുമാണ് മത്സരങ്ങള്‍. ഐ ലീഗിലെ 10 ടീമുകളും ഐ.എസ് എല്ലിലെ 11 ടീമുകളുമാണ് സൂപ്പര്‍ കപ്പില്‍ പങ്കെടുക്കുന്നത്. ഐ ലീഗിലെ 10 ടീമുകളുടെ നോക്ക് ഔട്ട് മത്സരങ്ങളോടെയാണ് സൂപ്പര്‍ കപ്പിന് കോഴിക്കോട് തുടക്കമാവുക. ഇതില്‍ നിന്ന് ജയിക്കുന്ന അഞ്ചു ടീമുകളെ ഉള്‍പ്പെടുത്തിയാണ് രണ്ടാംഘട്ട മത്സരങ്ങള്‍. സൂപ്പര്‍ കപ്പ് ചാംപ്യന്‍മാരും കഴിഞ്ഞ സീസണിലെ ഐ ലീഗ് ചാംപ്യന്‍മാരും ഏറ്റുമുട്ടി ജയിക്കുന്നവരായിരിക്കും അടുത്ത സീസണിലെ എ എഫ് സി കപ്പിന് ഇന്ത്യയില്‍ നിന്ന് യോഗ്യത നേടുക.
അതേസമയം, വിവാദ ഗോളിനെ തുടര്‍ന്ന് ഗ്രൗണ്ട് വിട്ട ബ്ലാസ്‌റ്റേഴ്‌സിനെതിരെ നടപടിയുണ്ടാവുമെന്ന് ഉറപ്പായി. ഇന്നലെ ചേര്‍ന്ന അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്റെ അച്ചടക്ക സമിതി മത്സരം പൂര്‍ത്തിയാക്കാതെ ബഹിഷ്‌കരിച്ച സംഭവത്തില്‍ ബ്ലാസ്റ്റേഴ്‌സ് കുറ്റക്കാരാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണിത്. വിഷയത്തില്‍ ബ്ലാസ്റ്റേഴ്‌സിനെതിരെ എന്ത് അച്ചടക്ക നടപടിയാണ് സമിതി സ്വീകരിക്കുക എന്ന കാര്യത്തില്‍ ഇന്ന് തീരുമാനം ഉണ്ടായേക്കുമെന്നാണ് കരുതുന്നത്.