വീണ്ടും കളിയില്ല, അത് ഗോൾ തന്നെ! ബ്ളാസ്റ്റേഴ്സ് കുറ്റക്കാരെന്ന് എഐഎഫ്‌എഫ് അച്ചടക്ക സമിതി, ഇനി ശിക്ഷ

ബംഗളൂരു: ഇന്ത്യൻ സൂപ്പർ ലീഗ് നോക്കൗട്ട് മത്സരത്തിൽ ബംഗളൂരു എഫ്‌സിക്കെതിരായ വിവാദ മത്സരം വീണ്ടും കളിക്കണമെന്ന കേരള ബ്ലാസ്റ്റേഴ്‌സിന്റെ അപേക്ഷ തള്ളി ഓൾ ഇന്ത്യ ഫുട്‌ബോൾ ഫെഡറേഷന്റെ അച്ചടക്ക സമിതി. മത്സരവുമായി ബന്ധപ്പെട്ട പരാതി പരിശോധിക്കാൻ ചേർന്ന അടിയന്തര യോഗത്തിലാണ് ഈ നടപടി. റഫറിയുടെ തീരുമാനം അന്തിമമാണെന്നും, അത് ഗോൾ തന്നെയാണെന്നുമാണ് സമിതിയുടെ നിരീക്ഷണം. തുടർന്നാണ് വീണ്ടും മത്സരം നടത്തണമെന്ന ബ്ളാസ്റ്റേഴ്‌സിന്റെ ആവശ്യം സമിതി തള്ളിയത്.

ബെംഗളൂരുവിനെതിരായ നോക്കൗട്ട് മത്സരത്തിനിടെ സുനിൽ ഛേത്രി വിവാദ ഗോൾ നേടിയതിനെ തുടർന്ന് കേരള ബ്ലാസ്റ്റേഴ്‌സ് മത്സരം പൂർത്തിയാക്കാതെ കളം വിട്ടിരുന്നു. മത്സരത്തിൽ സുനിൽ ഛേത്രി നേടിയ വിവാദ ഗോൾ റഫറി ക്രിസ്റ്റൽ ജോൺ അനുവദിച്ചതിനെത്തുടർന്നാണ് ഈ സംഭവങ്ങൾ അരങ്ങേറിയത്. ഈ വിഷയത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഐഎഫ്‌എഫിന് പരാതി നൽകുകയും മത്സരം റീപ്ലേ ചെയ്യണമെന്നും ജോണിനെ വിലക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഫെഡറേഷന്റെ അച്ചടക്ക നിയമത്തിലെ ആർട്ടിക്കിൾ 58 ബ്ളാസ്റ്റേഴ്സ് ലംഘിക്കുകയായിരുന്നുവെന്നും ടീം കുറ്റക്കാരാണെന്നുമാണ് എഐഎഫ്‌എഫ് അച്ചടക്ക സമിതി കണ്ടെത്തിയത്.

കോഡ് അനുസരിച്ച്, കേരള ബ്ലാസ്റ്റേഴ്സിന് ‘മത്സരം നഷ്ടപ്പെടുത്തിയതിൽ’ ‘കുറഞ്ഞത് 6 ലക്ഷം രൂപ’യാണ് പിഴ ആയി അടയ്‌ക്കേണ്ടി വരിക. എന്നിരുന്നാലും ഈ ശിക്ഷകൊണ്ട് അവസാനിക്കാൻ പോകുന്നില്ല. ടൂർണമെന്റിൽ നിന്നും വിലക്ക് ലഭിക്കുന്ന കുറ്റവുമാണ് ബ്ലാസ്റ്റേഴ്സിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. എന്നാൽ വലിയ തുക പിഴ കൊടുത്ത് ഈ പ്രശ്നങ്ങൾ അവസാനിപ്പിക്കാനാവും അധികൃതർ ശ്രമിക്കുക. ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഭാവിയെ തന്നെ ബാധിക്കുന്ന കടുത്ത തീരുമാനങ്ങൾ ഒരിക്കലൂം ബ്ലാസ്റ്റേഴ്സിനെതിരെ അധികൃതർ എടുക്കാനുള്ള സാധ്യത കുറവാണെന്നാണ് ഫുട്‍ബോൾ നിരീക്ഷകർ പറയുന്നത്.