ന്യൂദല്‍ഹി : ഐഎസ്ആര്‍ഒയുടെ അത്യാധുനിക വാര്‍ത്താ വിനിമയ ഉപഗ്രഹമായ ജിസാറ്റ് 20 വിജയകരമായി വിക്ഷേപിച്ചു. ഫ്‌ളോറിഡയിലെ കേപ്പ് കനാവറലില്‍ ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സ്വകാര്യ ബഹിരാകാശ കമ്പനിയായ സ്‌പേസ് എക്സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റ് ഉപയോഗിച്ചാണ് ജിസാറ്റ് 20 വിക്ഷേപിച്ചത്. 34 മിനിറ്റുകള്‍ നീണ്ട യാത്രയ്ക്ക് ശേഷം ഉപഗ്രഹം വേര്‍പെട്ട് ഭ്രമണപഥത്തില്‍ എത്തിച്ചേര്‍ന്നു.
ഐഎസ്ആര്‍ഒ നിര്‍മിച്ച ഉപഗ്രഹത്തിന്റെ ഭാരം 4,700 കിലോഗ്രാമാണ്. ഐഎസ്ആര്‍ഒയുടെ ഏറ്റവും ശക്തിയേറിയ വിക്ഷേപണവാഹനമായ എല്‍വിഎം – 3യുടെ പരമാവധി വാഹകശേഷിയേക്കാള്‍ കൂടുതലാണ് ഈ ഭാരം. അതിനാലാണ് വിക്ഷേപണത്തിന് സ്‌പേസ് എക്സിന്റെ സഹായം തേടിയത്.
വിമാനങ്ങളില്‍ ഇന്റര്‍നെറ്റ് സേവനം ഒരുക്കാന്‍ ഇവ സഹായിക്കും. ടെലികോം ഉപഭോക്താക്കള്‍ക്ക് അതിവേഗ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നല്‍കാന്‍ ജിസാറ്റ്-20 സഹായിക്കും. ഉള്‍നാടുകളിലും ഒറ്റപ്പെട്ട പ്രദേശങ്ങളിലും അതിവേഗ ഇന്റര്‍നെറ്റ് എത്തിക്കുന്നതിന് ജിസാറ്റ്-20 ഉപഗ്രഹം സഹായിക്കും.
ഇതാദ്യമായാണ് ഐഎസ്ആര്‍ഒ അതിന്റെ വാണിജ്യ വിഭാഗമായ ന്യൂ സ്‌പേസ് ഇന്ത്യ ലിമിറ്റഡ് വഴി സ്‌പേസ് എക്‌സ് റോക്കറ്റില്‍ ഉപഗ്രഹം വിക്ഷേപിക്കുന്നത്.