മഹാരാഷ്ട്ര: രാജ്യസഭാ കാലാവധി അവസാനിക്കാന്‍ പതിനെട്ടുമാസം മാത്രം ബാക്കി നില്‍ക്കെ രാഷ്ട്രീയത്തിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് എന്‍സിപി മേധാവി ശരദ് പവാര്‍. ഇനി ഒരു തെരഞ്ഞെടുപ്പിലും മത്സരിക്കില്ലെന്നു ശരദ് പവാര്‍ വ്യക്തമാക്കി.
പവാര്‍ കുടുംബാംഗങ്ങള്‍ നേര്‍ക്കുനേര്‍ പോരാടുന്ന പശ്ചിമ മഹാരാഷ്ട്രയിലെ ബാരാമതിയിലെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുന്നതിനിടെയാണ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്നുള്ള തന്റെ വിരമിക്കല്‍ പ്രഖ്യാപനം ശരദ് പവാര്‍ നടത്തിയത്.
read also: സംസ്ഥാനത്ത് മഴ ശക്തമാകും : ബംഗാൾ ഉൾക്കടലിനു മുകളിൽ ചക്രവാതച്ചുഴി മാറിയിട്ടില്ല
1999ൽ കോണ്‍ഗ്രസ് വിട്ട് എന്‍സിപി സ്ഥാപിച്ച ശരദ് പവാര്‍ തന്നെ പതിനാലുതവണ എംപിയും എംഎല്‍എയും ആക്കിയതിന് ബാരാമതിയിലെ ജനങ്ങളോട് നന്ദി പറയുന്നുവെന്നും ചടങ്ങിൽ പറഞ്ഞു. ‘എന്റെ കൈയില്‍ അധികാരമില്ല. രാജ്യസഭാ കാലാവധി പൂര്‍ത്തിയാകാന്‍ പതിനെട്ടുമാസം മാത്രമാണ് ബാക്കിയുള്ളത്. അതിന് ശേഷം ഞാന്‍ ഒരു തെരഞ്ഞെടുപ്പിലും മത്സരിക്കില്ല’ പവാര്‍ പറഞ്ഞു.
‘മഹാരാഷ്ട്രയില്‍ വരേണ്ട നിരവധി വന്‍കിട പദ്ധതികള്‍ ബിജെപി സര്‍ക്കാര്‍ ഗുജറാത്തിലേക്ക് കൊണ്ടുപോയി. ഇവിടെ അധികാരത്തിലിരിക്കുന്നവര്‍ സംസ്ഥാനത്തിന്റെ വികസനം ശ്രദ്ധിക്കുന്നില്ല. രാജ്യത്തെ വികസനം മുഴുവന്‍ ഗുജറാത്തിന് മാത്രമായി പോകുകയാണെങ്കില്‍ നിങ്ങള്‍ എന്തിനാണ് അധികാരത്തില്‍ തുടരുന്നത്. സര്‍ക്കാര്‍ മാറണം. അല്ലാതെ മറ്റൊരു വഴിയുമില്ല. കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന ഒരു പ്രതിനിധിയെയാണ് തെരഞ്ഞെടുക്കേണ്ടത്’- അദ്ദേഹം പറഞ്ഞു.