19 കാരി 7 മാസം ഗര്‍ഭിണി,തന്നെ വിവാഹം ചെയ്യണമെന്ന് നിര്‍ബന്ധിച്ചതോടെ പെണ്‍കുട്ടിയെ കൊലപ്പെടുത്തി കാമുകനും സുഹൃത്തുക്കളും



റോത്തക്: കാമുകനില്‍ നിന്ന് ഗര്‍ഭിണിയായതോടെ വിവാഹം ചെയ്യാന്‍ നിര്‍ബന്ധിച്ച 19കാരിയെ കൂട്ടുകാരുമൊന്നിച്ച് കൊന്നു തള്ളി കാമുകന്‍. ഹരിയാനയിലെ റോത്തകിലാണ് സംഭവം. പശ്ചിമ ഡല്‍ഹിയിലെ നാന്‍ഗ്ലോയ് സ്വദേശിയായ 19കാരിയാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. ഏഴ് മാസം ഗര്‍ഭിണിയായ 19കാരിയോട് കുഞ്ഞിനെ ഗര്‍ഭഛിദ്രം നടത്തണമെന്ന് കാമുകനും വിവാഹം ചെയ്യണമെന്ന് 19കാരിയും സമ്മര്‍ദ്ദം ചെലുത്തിയതിന് പിന്നാലെയാണ് കൊലപാതകം.

സമൂഹമാധ്യമങ്ങളില്‍ വളരെ സജീവമായിരുന്ന 19കാരിയെ കാണാനില്ലെന്ന് സഹോദരനാണ് പരാതി നല്‍കിയത്. അടുത്തിടെ പരിചയത്തിലായ യുവാവിനെ സംഭവത്തില്‍ സംശയിക്കുന്നതായും പൊലീസിന് നല്‍കിയ പരാതിയില്‍ സഹോദരന്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് സഞ്ജു എന്ന സലീമിനെതിരെ പൊലീസ് അന്വേഷണം എത്തിയത്. 19കാരി സമൂഹമാധ്യമങ്ങളില്‍ സഞ്ജുവിനൊപ്പമുള്ള നിരവധി ചിത്രങ്ങളും പങ്കുവച്ചിരുന്നു. അതൊരു ‘ജിന്നെ’ന്നായിരുന്നു യുവാവിനെ കുറിച്ചുള്ള പെണ്‍കുട്ടിയുടെ പ്രതികരണം.

ഏഴ് മാസം ഗര്‍ഭിണിയാണെന്നും വിവാഹം ചെയ്യണമെന്നും സഞ്ജുവിനെ 19കാരി നിരന്തരം സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. ഇതിന്റെ പേരില്‍ ഇവര്‍ തമ്മില്‍ കലഹവും പതിവായിരുന്നു. തിങ്കളാഴ്ച വീട്ടില്‍ നിന്ന് കുറച്ച് സാധനങ്ങളുമായി സഞ്ജുവിനെ കാണാനായി പോയ 19കാരി പിന്നെ തിരികെ വരാത്തതിനെ തുടര്‍ന്നാണ് സഹോദരന്‍ പൊലീസില്‍ പരാതിപ്പെട്ടത്. 19കാരിയെ രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം ഹരിയാനയിലെ റോത്തക്കിലെത്തിച്ച ശേഷമായിരുന്നു കൊലപാതകം. സംഭവത്തില്‍ രണ്ട് പേര പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒളിവില്‍ പോയ ഒരാള്‍ക്കായി പൊലീസ് പരിശോധന ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.