ട്രെയിന് നേരെ വീണ്ടും അട്ടിമറി ശ്രമം, റെയില്‍വേ ട്രാക്കിലെ 10 കിലോയുള്ള മരകുറ്റിയുമായി ട്രെയിന്‍ പാഞ്ഞത് ഏറെ ദൂരം


ലക്‌നൗ:  ഇന്ത്യന്‍ റെയില്‍വേയുടെ ചരിത്രത്തിലുടനീളം ട്രെയിനുകള്‍ക്ക് നേരെ പതിയിരുന്നുള്ള ആക്രമണങ്ങള്‍ ഒരു പാട് നേരിടേണ്ടിവന്നിട്ടുണ്ട്. അതേസമയം അവയില്‍ ഭൂരിഭാവും റെയില്‍വേ ഉദ്യോഗസ്ഥര്‍ പരാജയപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഏറ്റവും ഒടുവിലായി ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ പ്രേംപൂര്‍ റെയില്‍വെ സ്റ്റേഷന് സമീപമുള്ള ട്രാക്കുകളില്‍ നിന്ന് ഒഴിഞ്ഞ ഗ്യാസ് സിലിണ്ടറാണ് കണ്ടെത്തിയത്. അതേസമയം മധ്യപ്രദേശിലെ ബുര്‍ഹാന്‍പൂര്‍ ജില്ലയില്‍ സൈനികര്‍ സഞ്ചരിച്ച ട്രെയിന്‍ തകര്‍ക്കാനായി റെയില്‍വെ ട്രാക്കില്‍ സ്ഥാപിച്ചിരുന്നത് 10 ഡിറ്റണേറ്ററുകളാണ്. ഇവയെല്ലാം നേരത്തെ തന്നെ കണ്ടെത്താന്‍ സാധിച്ചത് വലിയ അപകടമാണ് ഒഴിവാക്കിയത്.

ഇതിന് പിന്നാലെയാണ് ഡല്‍ഹി – ലക്‌നൗ ട്രെയിന്‍ പോകുന്ന ട്രാക്കില്‍ 10 കിലോ ഭാരുമുള്ള മരത്തടി വച്ചത്. ട്രെയിന്‍ നമ്പര്‍ 14236 ബറേലി-വാരണാസി എക്‌സ്പ്രസ് കടന്നു പോകുന്ന ട്രാക്കിലാണ് മരത്തടി ഉണ്ടായിരുന്നത്. ട്രെയിന്‍ മരത്തടിയില്‍ ഇടിക്കുകയും ഏതാണ്ട് കുറച്ചേറെ ദൂരം അതും വലിച്ച് ഓടുകയും ചെയ്തു. പിന്നാലെ ലോക്കോ പൈലറ്റ് ട്രെയിന്‍ അടിയന്തരമായി നിര്‍ത്തിയത് കൊണ്ട് വലിയ അപകടം ഒഴിവായി. എങ്കിലും ട്രാക്കുകളിലെ സിഗ്‌നലിംഗ് ഉപകരണങ്ങള്‍ കേടാവുകയും ഇത് ലക്‌നൗ-ഹര്‍ദോയ് ലൈനിലെ ട്രെയിന്‍ സര്‍വ്വീസുകളെ ബാധിക്കുകയും ചെയ്തു.

ട്രെയിനിന്റെ ചക്രങ്ങള്‍ക്കിടയില്‍ നിന്നും ഏറെ ബുദ്ധിമുട്ടിയാണ് മരത്തടി പുറത്തെടുത്തത്. ഇതേ തുടര്‍ന്ന് ഗതാഗതം രണ്ട് മണിക്കൂറോളം വൈകി. റെയില്‍വേ ട്രാക്കുകളില്‍ അടുത്തിടെ നടന്ന അട്ടിമറി ശ്രമങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ വളരെ ഗൗരവമായി കാണുകയും കേസുകള്‍ അന്വേഷിക്കാന്‍ ദേശീയ അന്വേഷണ ഏജന്‍സിയെ (എന്‍ഐഎ) ചുമതലപ്പെടുത്തി. എങ്കിലും ഇപ്പോഴും ഇത്തരം പതിയിരുന്നുള്ള ആക്രമണ ശ്രമങ്ങള്‍ തുടരുന്നുവെന്നത് ജനങ്ങളില്‍ ആശങ്ക പടര്‍ത്തുന്നു.