ഗ്വാളിയോര്‍: മധ്യപ്രദേശിലെ ഗ്വാളിയോറില്‍ ലഹരിക്ക് അടിമയായ മകനെ വാടക കൊലയാളികളെ വച്ച് കൊലപ്പെടുത്തിയ കേസില്‍ പിതാവ് അറസ്റ്റില്‍. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ 28കാരനായ ഇര്‍ഫാന്‍ ഖാനെ രണ്ടംഗ ക്വട്ടേഷന്‍ സംഘത്തെ നിയോഗിച്ച് പിതാവ് ഹസന്‍ ഖാന്‍ കൊന്നെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ഗ്വാളിയോര്‍ പുരാനി കന്റോണ്‍മെന്റ് പൊലീസ് ഹസന്‍ ഖാനെ അറസ്റ്റ് ചെയ്തു.
Read Also: ട്രെയിന് നേരെ വീണ്ടും അട്ടിമറി ശ്രമം, റെയില്‍വേ ട്രാക്കിലെ 10 കിലോയുള്ള മരകുറ്റിയുമായി ട്രെയിന്‍ പാഞ്ഞത് ഏറെ ദൂരം
ഇര്‍ഫാന്‍ ഖാന്‍ മയക്കുമരുന്നിനും ചൂതാട്ടത്തിനും അടിമയായിരുന്നു. ദുശ്ശീലങ്ങള്‍ കാരണം കുടുംബവുമായുള്ള ബന്ധം വഷളായി. ഇത് വഴക്കുകള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും ഇടയാക്കി. നിരാശനായ ഹസന്‍ ഖാന്‍ ഇര്‍ഫാനെ ഇല്ലാതാക്കാന്‍ പദ്ധതിയിട്ടു. അര്‍ജുന്‍ എന്ന ഷറഫത്ത് ഖാന്‍, ഭീം സിംഗ് പരിഹാര്‍ എന്നിവര്‍ക്ക് കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കി. 50,000 രൂപയും നല്‍കി.
ഒക്ടോബര്‍ 21ന് ബദ്‌നാപുര – അക്ബര്‍പൂര്‍ കുന്നിന് സമീപമുള്ള ആളൊഴിഞ്ഞ സ്ഥലത്തേക്ക് ഇര്‍ഫാനെ ഹസന്‍ എത്തിച്ചു. അവിടെ വെച്ച് കൊലയാളികള്‍ പതിയിരുന്ന് വെടിവെച്ചു കൊന്നു. തലയിലേക്കും നെഞ്ചിലേക്കും ഒന്നിലധികം തവണ വെടിയുതിര്‍ത്തു. ഗ്വാളിയോര്‍ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. നിരവധി പേരെ ചോദ്യംചെയ്‌തെങ്കിലും പൊലീസിന് ആദ്യം കൊലയാളികള്‍ ആരെന്ന് മനസ്സിലായില്ല. ഹസന്‍ ഖാന്റെ മൊഴിയിലെ പൊരുത്തക്കേടുകള്‍ പൊലീസ് ശ്രദ്ധിച്ചതോടെയാണ് കേസിന്റെ ചുരുളഴിഞ്ഞത്.
ഇര്‍ഫാന് നേരെ വെടിയുതിര്‍ത്ത അര്‍ജുനും ഭീം സിംഗ് പരിഹാറും ഒളിവിലാണ്. ഇവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.