മെഡിക്കല്‍ വിദ്യാര്‍ത്ഥിനി സിയയെ വിഷം നല്‍കി കൊലപ്പെടുത്തിയത് നാല് യുവാക്കള്‍: ആരോപണം ഉന്നയിച്ച് അമ്മ
ജയ്പൂര്‍: മെഡിക്കല്‍ വിദ്യാര്‍ഥിനിയെ വിഷം നല്‍കി കൊലപ്പെടുത്തിയതാണെന്ന കുടുംബത്തിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തു. മെഡിക്കല്‍ കോളജിന്റെ കന്റീനില്‍ വച്ച് മകള്‍ സിയയ്ക്ക് വിഷം നല്‍കിയെന്നാണ് അമ്മ രാജ്കുമാരിയുടെ പരാതി. സിയയുടെ കണ്ണുകളും നഖങ്ങളും ചുണ്ടും നീലനിറത്തിലായിരുന്നുവെന്നും മരണം വിഷം ഉള്ളില്‍ച്ചെന്നതു മൂലമാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. ഏപ്രില്‍ 30ന് നടന്ന സംഭവത്തില്‍ അമ്മയുടെ പരാതിയില്‍ ഒക്ടോബര്‍ 21ന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മകളുടെ വനിതാ സുഹൃത്തും നാലു ആണ്‍കുട്ടികളുമാണ് ഗൂഢാലോചനയുടെ പിന്നിലെന്നാണ് അമ്മയുടെ പരാതി. ഏപ്രില്‍ 30ന് പഠിക്കാനായി പോയ സിയ അന്നു വൈകിട്ട് അമ്മയോട് സംസാരിച്ചിരുന്നു. പിന്നീട് മെട്രോ സ്റ്റേഷനില്‍ ഗുരുതരനിലയില്‍ കണ്ടെത്തുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.
സിയയ്ക്ക് ഒരു ആണ്‍കുട്ടിയുമായി അടുപ്പമുണ്ടായിരുന്നുവെന്ന് സുഹൃത്ത് പൊലീസിനെ അറിയിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങളില്‍നിന്ന് സിയയും സുഹൃത്തുക്കളും ഒരുമിച്ചിരിക്കുന്നത് വ്യക്തമാണ്. സിയയ്ക്കു വിഷം നല്‍കിയശേഷം മെട്രോയില്‍ നിര്‍ബന്ധിച്ച് ഇരുത്തുകയായിരുന്നുവെന്നാണ് പരാതി. ആദ്യം പൊലീസ് അസ്വാഭാവിക മരണമെന്നാണ് റജിസ്റ്റര്‍ ചെയ്തത്. കോടതി ഇടപെടലിനെത്തുടര്‍ന്ന് കൊലക്കേസിലാണ് അന്വേഷണം പുരോഗമിക്കുന്നത്.