വിമാനങ്ങള്‍ക്ക് നേരെയുള്ള വ്യാജ ബോംബ് ഭീഷണികള്‍ തുടരുന്നു, ഇന്ന് വീണ്ടും 85 വിമാനങ്ങള്‍ക്ക് വ്യാജ ബോംബ് ഭീഷണി


മുംബൈ: വിമാനങ്ങള്‍ക്ക് നേരെയുള്ള വ്യാജ ബോംബ് ഭീഷണികള്‍ തുടരുകയാണ്. ഇന്ന് എയര്‍ ഇന്ത്യയുടെ 20 വിമാനങ്ങള്‍ക്കും അകാസയുടെ 25 വിമാനങ്ങള്‍ക്കും വിസ്താരയുടെ 20 വിമാനങ്ങള്‍ക്കുമുള്‍പ്പടെ കഴിഞ്ഞ 24 മണിക്കൂറിനിടെ 85 വിമാനങ്ങള്‍ക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്.

അതേസമയം, വിമാനങ്ങള്‍ക്ക് നേരെയുള്ള വ്യാജ ബോംബ് ഭീഷണിയില്‍ കേന്ദ്ര ഏജന്‍സികള്‍ സംയുക്തമായി അന്വേഷണം നടത്തുകയാണെന്ന് വ്യോമയാന മന്ത്രി റാം മോഹന്‍ നായിഡു അറിയിച്ചു. യാത്രക്കാര്‍ ഭയപ്പെടേണ്ടതില്ല. സ്ഥിതി നിയന്ത്രണവിധേയമാണ് ഭീഷണി സന്ദേശം ലഭിച്ച പല ഐ പി അഡ്രസ്സുകളും വിദേശത്തുനിന്നുള്ളതാണെന്നും ഈ അക്കൗണ്ടുകളുടെ കൂടുതല്‍ വിശദാംശങ്ങള്‍ അന്വേഷണസംഘം ശേഖരിച്ചു വരികയാണെന്നും മന്ത്രി വ്യക്തമാക്കി.

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 180 ഓളം വിമാനങ്ങള്‍ക്കാണ് വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചത്. ഇതിലൂടെ വിമാന കമ്പനികള്‍ക്ക് 600 കോടി രൂപയോളം നഷ്ടമാണ് ഉണ്ടായതെന്നാണ് പ്രാഥമിക കണക്കുകള്‍. ഇതിനിടെയാണ് പുതിയ പ്രോട്ടോക്കോള്‍ പുറത്തിറക്കിയത്. ഭീഷണികള്‍ ഉറപ്പാക്കാതെ വിമാനങ്ങള്‍ അടിയന്തരമായി നിലത്തിറക്കുകയോ, വഴിതിരിച്ചുവിടുകയോ ഇല്ല. ആശങ്ക പരത്തുക മാത്രമാണ് സൈബര്‍ കുറ്റവാളികളുടെ ലക്ഷ്യമെന്നാണ് നിഗമനം.