ജമ്മു കശ്മീരിലെ ഭീകരാക്രമണത്തിൽ മരണ സംഖ്യ ഉയരുന്നു


ശ്രീനഗർ: ജമ്മു കശ്മീരിലെ ഗാൻദെർബാൽ ജില്ലയിൽ കഴിഞ്ഞ ദിവസമുണ്ടായ ഭീകരാക്രമണത്തിൽ മരണം ഏഴായി. ഒരു ഡോക്ടറും ആറ് തൊഴിലാളികളുമാണ് കൊല്ലപ്പെട്ടത്. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് റിപ്പോർട്ട്. ഭീകരർക്കായി പ്രദേശത്ത് തെരച്ചിൽ പുരോ​ഗമിക്കുകയാണ്.

സോനാമാർഗ് മേഖലയിൽ ശ്രീനഗർ–ലേ തുരങ്കനിർമാണത്തിന് എത്തിയ തൊഴിലാളികൾ താമസിക്കുന്ന സ്ഥലത്താണ് ഭീകരർ വെടിവെയ്പ്പ് നടത്തിയത്. തൊഴിലാളികളും മറ്റു ജീവനക്കാരും ജോലി കഴിഞ്ഞു ക്യാംപിലേക്കു തിരിച്ചെത്തിയപ്പോഴായിരുന്നു ആക്രമണം. സംഭവത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി, ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുല്ല, ലഫ് ഗവർണർ മനോജ് സിൻഹ തുടങ്ങിയവർ ആക്രമണത്തെ അപലപിച്ചു.

തൊഴിലാളികൾക്കു നേരെ നടന്ന ആക്രമണത്തെ മുഖ്യമന്ത്രി ഒമർ അബ്ദുള്ള ഭീരുത്വവും നീചവുമെന്നു വിശേഷിപ്പിച്ചു. പൊലീസും സൈന്യവും പ്രദേശത്ത് തിരച്ചിൽ ആരംഭിച്ചു. തൊഴിലാളികൾക്കു നേരെയുണ്ടായ ആക്രമണത്തെ അപലപിക്കുന്നതായും കൊല്ലപ്പെട്ടവരുടെ കുടുംബാഗംങ്ങളെ തന്റെ ദുഖം അറിയിക്കുന്നതായും കേന്ദ്രമന്ത്രി നിതിൻ ഗ‍ഡ്കരി എക്സിൽ കുറിച്ചു.