ഭര്‍ത്താവിന്റെ ദീര്‍ഘായുസിനായി ഉപവാസം അനുഷ്ഠിക്കുന്നതിനിടെ ഭാര്യ സവിത ഭര്‍ത്താവിനെ വിഷം കൊടുത്ത് കൊലപ്പെടുത്തി


ലക്‌നൗ: ഭര്‍ത്താവിന്റെ ദീര്‍ഘായുസിനായി ഉപവാസം അനുഷ്ഠിക്കുന്നതിനിടെ ഭര്‍ത്താവിനെ വിഷം നല്‍കി കൊലപ്പെടുത്തി ഭാര്യ. ഉത്തര്‍പ്രദേശിലെ കൗശാംബി ജില്ലയിലാണ് സംഭവം നടന്നത്. സവിത എന്ന യുവതിയാണ് ഭര്‍ത്താവ് ശൈലേഷിനെ കൊലപ്പെടുത്തിയത്. ശൈലേഷിന് 32 വയസായിരുന്നു. ശൈലേഷിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു കൊലപാതകം.

ഭര്‍ത്താവിന്റെ ദീര്‍ഘായുസിനുള്ള കര്‍വ ചൗഥ് അനുഷ്ഠാനത്തിന്റെ ഭാഗമായുള്ള വ്രതത്തിലായിരുന്ന യുവതിയാണ് കൊലപാതകം നടത്തിയതതെന്നത് ശ്രദ്ധേയമാണ്. ലാല്‍ ബഹദൂര്‍ ശാസ്ത്രി നഗറിലാണ് സംഭവം നടന്നത്. ശൈലേഷിനുള്ള ഭക്ഷണത്തില്‍ സവിത വിഷം കലര്‍ത്തുകയായിരുന്നെന്ന് അദ്ദേഹത്തിന്റെ സഹോദരന്‍ അഖിലേഷ് പൊലീസിനോട് പറഞ്ഞു. ശൈലേഷിനെ ബന്ധുക്കള്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചു. ആശുപത്രിയില്‍ വച്ച് അവസാനമായെടുത്ത വിഡിയോയിലും ശൈലേഷ് തനിക്ക് വിഷം നല്‍കിയത് സവിതയാണെന്ന് പറഞ്ഞിട്ടുണ്ട്.

ശൈലേഷിന്റെ ബന്ധുക്കളുടെ പരാതിയില്‍ സവിതയ്ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഭാരതീയ ന്യായസംഹിതയിലെ 105, 123 വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. സിരാത്തു സര്‍ക്കിള്‍ ഓഫിസര്‍ അവദേഷ് കുമാര്‍ വിശ്വകര്‍മയുടെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്.