ഡല്‍ഹി സ്ഫോടനം: ടെലഗ്രാം ചാനല്‍ നിരീക്ഷണത്തില്‍, അന്വേഷണം ഖലിസ്ഥാന്‍ സംഘടനകളിലേക്ക്
ന്യൂഡല്‍ഹി: ഡല്‍ഹി രോഹിണിയില്‍ സിആര്‍പിഎഫ് സ്‌കൂളിന് സമീപമുണ്ടായ സ്‌ഫോടനത്തില്‍ അന്വേഷണം ഖലിസ്ഥാന്‍ സംഘടനകളിലേക്ക്. സ്‌ഫോടനത്തിന് പിന്നില്‍ തങ്ങളാണെന്ന് അവകാശപ്പെട്ട് ടെലഗ്രാമില്‍ ഖലിസ്ഥാന്‍ സംഘടനയുടെ പേരില്‍ പോസ്റ്റുകള്‍ പ്രചരിച്ചിരുന്നു.
ഖലിസ്ഥാന്‍ അനുകൂല സംഘടനയായ ജസ്റ്റിസ് ലീഗ് ഇന്ത്യയുടെ പേരിലാണ് ടെലഗ്രാം പോസ്റ്റ് പ്രചരിക്കുന്നത്. ചാനലില്‍ സ്‌ഫോടന ദൃശ്യത്തിന്റെ സ്‌ക്രീന്‍ഷോട്ടിന് താഴെ ‘ഖലിസ്ഥാന്‍ സിന്ദാബാദ്’ എന്ന് എഴുതിയിട്ടുണ്ട്. പിന്നാലെ ചാനലിന്റെ വിശദാംശങ്ങള്‍ തേടി ഡല്‍ഹി പൊലീസ് ടെലഗ്രാം മെസഞ്ചറിന് കത്തയച്ചു.
ഞായറാഴ്ച രാവിലെയാണ് രോഹിണിയില്‍ സിആര്‍പിഎഫ് സ്‌കൂളിന് സമീപത്ത് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തിന്റെ പിന്നിലുള്ളവരെ കണ്ടെത്താനുള്ള ഊര്‍ജിത ശ്രമത്തിലാണെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു.