പിതാവ് വായ്പയെടുത്ത പണത്തിന്റെ പലിശ നൽകിയില്ല: ബെംഗളൂരുവിൽ പതിനേഴുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്തു
ബംഗളൂരു: പിതാവ് വായ്പയെടുത്ത പണം യഥാസമയം തിരിച്ചടച്ചില്ലെന്ന കാരണത്താൽ പതിനേഴുകാരിയായ മകളെ ബലാത്സംഗം ചെയ്തു. ബെംഗളൂരുവിലെ നെലമംഗലയിലാണ് ഞെട്ടിപ്പിക്കുന്ന ഈ സംഭവമുണ്ടായത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ദാരുണമായി പീഡിപ്പിച്ചതിന് പോക്സോ കേസ് ചുമത്തി ഇയാളെ പോലീസ് അറസ്റ്റു ചെയ്തു.
കുടുംബത്തിന്റെ പരാതിയിൽ മദനായകനഹള്ളി പോലീസ് സ്റ്റേഷനിൽ പോക്‌സോ കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിയായ രവികുമാറിനെ (39) അറസ്റ്റ് ചെയ്യുകയും ചെയ്തു.പെൺകുട്ടിയുടെ പിതാവ് രവികുമാറിന്റെ പക്കൽ നിന്ന് 70,000 രൂപ കടമായി വാങ്ങിയിരുന്നു. എന്നാൽ യഥാസമയം തിരിച്ചടക്കാനായില്ല. ഇതുമൂലം പലിശയും മുതലും ലഭിക്കുന്നതിനായി രവികുമാർ പലപ്പോഴും ഇരയുടെ വീട്ടിലെത്തി പിതാവുമായി വഴക്കിട്ടു.
പിന്നീട് 30,000 രൂപ നൽകി എങ്കിലും ബാക്കി 40,000 രൂപയും പലിശയും നൽകാത്തതിന്റെ പേരിൽ രവികുമാർ അതിക്രമം കാണിക്കുകയായിരുന്നു.ഇയാൾ മിക്കപ്പോഴും പലിശ ആവശ്യപ്പെട്ട് ഇവരുടെ വീട്ടിലെത്തി പെൺകുട്ടിയെയും പിതാവിനെയും ഭീഷണിപ്പെടുത്താറുണ്ടായിരുന്നു.
മുൻപൊരിക്കൽ ഇയാൾ പെൺകുട്ടിയെ ബലമായി ചുംബിക്കുകയും ഇതിന്റെ ഫോട്ടോ എടുത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഒടുവിൽ ആരുമില്ലാത്ത സമയത്ത് വീട്ടിൽ കയറി കുട്ടിയെ ബലാത്സംഗം ചെയ്തു എന്നാണ് മദനായകഹള്ളി വില്ലേജ് പോലീസ് അറിയിച്ചത്.