ബാബറി മസ്ജിദ്-രാമജന്മഭൂമി തർക്കത്തിന് പരിഹാരം കാണാൻ താൻ ദൈവത്തോട് പ്രാർത്ഥിച്ചിരുന്നു: ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്


ന്യൂഡൽഹി: ബാബറി മസ്ജിദ്-രാമജന്മഭൂമി തർക്കത്തിന് പരിഹാരം കാണാൻ താൻ ദൈവത്തോട് പ്രാർത്ഥിച്ചിരുന്നെന്ന് വെളിപ്പെടുത്തി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്. മൂന്നു മാസം തന്റെ മുന്നിലുണ്ടായിരുന്ന വിഷയമായിരുന്നു അയോധ്യാ കേസ് എന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

വിശ്വാസമുള്ള ഒരാൾക്ക് ദൈവം വഴികാട്ടിയാകുമെന്നും ജന്മനാടായ കൻഹെർസർ ഗ്രാമത്തിൽ ഒരു ചടങ്ങിൽ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.‘‘പല കേസുകളിലും പരിഹാരം കണ്ടെത്താൻ ചിലപ്പോൾ തീരുമാനത്തിലെത്താനാകാതെ വരും. മൂന്ന് മാസം എന്റെ മുന്നിലുണ്ടായിരുന്ന വിഷയമാണ് ബാബറി മസ്ജിദ്-രാമജന്മഭൂമി തർക്കം. അതിൽ ഒരു പരിഹാരത്തിനായി ഞാൻ പ്രാർഥിച്ചു.’’ -ഡി.വൈ. ചന്ദ്രചൂഡ് പറഞ്ഞു.

2019 നവംബർ ഒമ്പതിനായിരുന്നു അയോധ്യ ഭൂമിതർക്കക്കേസിൽ സുപ്രീംകോടതി വിധി പറഞ്ഞത്. സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാബെഞ്ചാണ് പതിറ്റാണ്ടുകൾ നീണ്ട നിയമപോരാട്ടത്തിൽ തീർപ്പുകൽപ്പിച്ചത്‌. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ ബെഞ്ചാണ് വിധി പ്രഖ്യാപിച്ചത്. ചീഫ് ജസ്റ്റിസിനുപുറമേ, ജസ്റ്റിസുമാരായ എസ്.എ. ബോബ്‌ഡെ, ഡി.വൈ. ചന്ദ്രചൂഡ്, എസ്.എ. നസീർ, അശോക് ഭൂഷൺ എന്നിവരാണ് ഭരണഘടനാ ബെഞ്ചിലുണ്ടായിരുന്നത്.