വ്യാജമദ്യം കഴിച്ച് 20 മരണം: 24 മണിക്കൂറില്‍ 250 ഇടങ്ങളില്‍ റെയ്ഡ്, പിടികൂടിയത് 1650 ലിറ്റര്‍ മദ്യം


 

പാറ്റ്‌ന: ബിഹാറില്‍ വ്യാജമദ്യം കഴിച്ച് 20 പേര്‍ മരിച്ചു. നിരവധി പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സിവാന്‍, സരന്‍ ജില്ലകളിലുള്ളവരാണ് മരിച്ചത്. മൂന്ന് ദിവസത്തിനിടെ മദ്യം കഴിച്ചവരാണ് മരിച്ചത്. പ്രത്യേക സംഘം രൂപീകരിച്ച് പോലീസ് അന്വേഷണം തുടങ്ങി. എട്ട് മദ്യ വില്‍പ്പനക്കാര്‍ക്കെതിരെ കേസെടുത്തു. 250 ഇടങ്ങളിലായി നടത്തിയ റെയ്ഡില്‍ 1650 ലിറ്റര്‍ മദ്യം പിടിച്ചെടുത്തു. മരിച്ചവരുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയച്ചു. ഓട്ടോപ്‌സി റിപ്പോര്‍ട്ട് വന്നാല്‍ മാത്രമേ മരണ കാരണം വ്യക്തമാകൂ എന്ന് പൊലീസ് അറിയിച്ചു.

ദുരന്തത്തിന്റെ ഉത്തരവാദി എന്‍ഡിഎ സര്‍ക്കാറാണെന്നും വ്യാജ മദ്യ വില്‍പനയ്ക്ക് പിന്നില്‍ ഉന്നതരാണെന്നും ആര്‍ജെഡി ആരോപിച്ചു. മദ്യ നിരോധനം നിലവിലുള്ള സംസ്ഥാനമാണ് ബിഹാര്‍. 2016ലാണ് നിതീഷ് കുമാര്‍ സര്‍ക്കാര്‍ സംസ്ഥാനത്ത് മദ്യ നിരോധനം ഏര്‍പ്പെടുത്തിയത്. 2016 മുതല്‍ പല തവണയായി ഉണ്ടായ വ്യാജ മദ്യ ദുരന്തങ്ങളില്‍ ബിഹാറില്‍ 350 ലധികം പേര്‍ മരിച്ചിട്ടുണ്ട്. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് നാല് ലക്ഷം രൂപ സഹായധനം നല്‍കും.