ബാബ സിദ്ദിഖിന്റെ കൊലപാതകം: ആക്രമികള്‍ വെടിയുതിര്‍ത്തത് പടക്കങ്ങള്‍ മറയാക്കി


ന്യൂഡല്‍ഹി: എന്‍സിപി നേതാവും മഹാരാഷ്ട്ര മുന്‍ മന്ത്രിയുമായ ബാബ സിദ്ദിഖ് ശനിയാഴ്ച വൈകുന്നേരമാണ് മകന്റെ ഓഫീസിന് മുന്നില്‍ വെടിയേറ്റ് മരിച്ചത് . വയറ്റിലും നെഞ്ചിലും വെടിയേറ്റ അദ്ദേഹത്തെ ഉടന്‍ ലീലാവതി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ അറസ്റ്റിലായിട്ടുണ്ട്. ഒരാള്‍ യുപിയില്‍ നിന്നും മറ്റൊരാള്‍ ഹരിയാനയില്‍ നിന്നുമാണ്. കൊലപാതകത്തില്‍ ഉള്‍പ്പെട്ട മൂന്നാമത്തെയാള്‍ ഇപ്പോഴും ഒളിവിലാണ്.

വെടിവയ്ക്കുന്നതിന് മുമ്പായി ആക്രമികള്‍ പടക്കം പൊട്ടിച്ചു. ദസറയോടനുബന്ധിച്ച് മകനും എംഎല്‍എയുമായ സീഷന്‍ സിദ്ദിഖിന്റെ ഓഫീസിന് പുറത്ത് പടക്കം പൊട്ടിക്കുന്നതിനിടെയാണ് വെടിയേറ്റത്.

സിദ്ദിഖ് പടക്കം പൊട്ടിക്കുന്നതിനിടെ ഒരു വാഹനത്തില്‍ നിന്ന് മൂന്ന് അക്രമികള്‍ തൂവാല കൊണ്ട് മുഖം മറച്ച് പുറത്തേക്ക് വന്നു. മുന്നറിയിപ്പില്ലാതെ അവര്‍ 9.9 എംഎം പിസ്റ്റള്‍ ഉപയോഗിച്ച് വെടിയുതിര്‍ത്തു. മൂന്ന് റൗണ്ട് വെടിയുതിര്‍ത്തു. അതിലൊന്ന് സിദ്ദിഖിന്റെ നെഞ്ചില്‍ തറയ്ക്കുകയും സംഭവസ്ഥലത്ത് തന്നെ കുഴഞ്ഞു വീഴുകയുമായിരുന്നു.

വെടിയുണ്ടകളിലൊന്ന് ബാബ സിദ്ദിഖിന്റെ വാഹനത്തിന്റെ ചില്ല് തകര്‍ത്തു, ഒന്നിലധികം തവണ വെടിയുതിര്‍ത്തതായി സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവസ്ഥലത്ത് നിന്ന് മൂന്ന് ബുള്ളറ്റ് കേസിംഗുകളും പോലീസ് കണ്ടെടുത്തു

ആക്രമണത്തില്‍ പ്രതികരിച്ച മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ എന്‍സിപി നേതാവിന് നേരെയുണ്ടായ ആക്രമണത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് പറഞ്ഞു.

ബാബ സിദ്ദിഖ് കൊല്ലപ്പെട്ടതിന് ശേഷം തനിക്ക് ഒരു നല്ല സഹപ്രവര്‍ത്തകനെയും നല്ല സുഹൃത്തിനെയുമാണ് നഷ്ടമായതെന്ന് എന്‍സിപി അധ്യക്ഷനും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായ അജിത് പവാര്‍ പറഞ്ഞു. പ്രതികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ആക്രമണത്തിന് പിന്നിലെ സൂത്രധാരനെയും കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു.

‘സംഭവം സമഗ്രമായി അന്വേഷിക്കും, അക്രമികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും. ആക്രമണത്തിന് പിന്നിലെ സൂത്രധാരനെയും കണ്ടെത്തും. ബാബാ സിദ്ദിഖിന്റെ വിയോഗത്തോടെ ന്യൂനപക്ഷ സഹോദരങ്ങള്‍ക്ക് വേണ്ടി പോരാടുകയും പരിശ്രമിക്കുകയും ചെയ്ത ഒരു നല്ല നേതാവിനെയാണ് നമുക്ക് നഷ്ടമായത്.’ അദ്ദേഹം പറഞ്ഞു.