വ്യാജ മരുന്ന് കമ്പനിയുടെ വിലാസത്തില്‍ എത്തിയതെല്ലാം മയക്കുമരുന്ന് തന്നെ: സംഭവത്തിന് രാഷ്ട്രീയ ബന്ധമെന്ന് സംശയം
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നടന്ന ലഹരിവേട്ടയില്‍ കൂടുതല്‍ കണ്ണികളെ തേടി പൊലീസ്. 900 കിലോ ലഹരി വസ്തുക്കളാണ് രാജ്യ തലസ്ഥാനത്തേക്ക് എത്തിച്ചതെന്നാണ് കണ്ടെത്തല്‍. ഇതില്‍ 770 കിലോ മാത്രമാണ് പിടികൂടിയത്. ലഹരി കടത്തില്‍ മഹാരാഷ്ട്രയിലെ ഉന്നതരാഷ്ട്രീയ ബന്ധവും അന്വേഷണ പരിധിയിലാണ്.
ഗാസിയാബാദ് വിലാസമുള്ള വ്യാജ മരുന്ന് കമ്പനിയുടെ പേരിലാണ് ഡല്‍ഹിക്ക് കൊക്കെയിന്‍ അടക്കം ലഹരിവസ്തുക്കള്‍ എത്തിച്ചത്. മരുന്ന് എന്ന പേരിലാണ് ഇവ രാജ്യത്തേക്ക് കടത്തിയത്. കമ്പനിയിലെ ജീവനക്കാരി പൊലീസിന് നല്‍കിയ വിവരം അനുസരിച്ച് അന്വേഷണം കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുകയായിരുന്നു. ഡല്‍ഹിയിലെ വിവിധയിടങ്ങളിലും ഹാപുര്‍ ഗാസിയബാദ് തുടങ്ങിയ ഇടങ്ങളിലും മരുന്ന് ശേഖരിച്ച് വെക്കാന്‍ എന്ന പേരില്‍ ഗോഡൗണുകള്‍ വാടകയ്ക്ക് എടുത്തു. ഇവിടങ്ങളില്‍ നടന്ന പരിശോധനയിലാണ് ലഹരിവസ്തുക്കള്‍ പൊലീസ് കണ്ടെത്തിയത്.
900 കിലോയില്‍ ഇനി 130 കിലോ കൂടി കണ്ടെത്താനുണ്ട്. ഇതിനായുള്ള തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് പൊലീസ്. ദുബായിലുള്ള വീരേന്ദ്ര ബസോയിയാണ് ഇവ ഇന്ത്യയിലേക്ക് എത്തിച്ചത്. വിവിധസ്ഥലങ്ങളില്‍ ഇവ എത്തിക്കാന്‍ മൂന്ന് കോടി രൂപയാണ് കമ്മീഷനായി ഇടനിലക്കാരായവര്‍ക്ക് നല്‍കിയത്. കേസിലെ മറ്റൊരു പ്രതി തുഷാര്‍ ഗോയലിന് കോണ്‍ഗ്രസ് ബന്ധമുണ്ടെന്ന് ബിജെപി ആരോപിച്ചിരുന്നു.
ഇയാളുടെ സ്ഥാപനങ്ങളിലും പൊലീസും ഇഡിയും പരിശോധന നടത്തിയിട്ടുണ്ട്. മഹാരാഷ്ട്രയിലും അന്വേഷണം നടക്കുന്നതായാണ് സൂചന. ഉന്നത ഇടപെടല്‍ ലഹരിക്കടത്തിലുണ്ടെന്നാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് വൃത്തങ്ങള്‍ പറയുന്നത്. കേസില്‍ ഇ.ഡി ഇന്നലെയാണ് അന്വേഷണം തുടങ്ങിയത്.