ഫാക്ടറിയില്‍ മണ്ണിടിഞ്ഞുവീണ് രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ ഒമ്പത് തൊഴിലാളികള്‍ മരിച്ചു



പാലൻപുർ : ഫാക്ടറിക്കുള്ളില്‍ മണ്ണിടിഞ്ഞുണ്ടായ അപകടത്തില്‍ രണ്ട് സ്ത്രീകളുള്‍പ്പടെ ഒമ്പത് തൊഴിലാളികള്‍ മരിച്ചു. ഗുജറാത്തിലെ മെഹ്സന ജില്ലയിലെ ജസല്‍പുർ ഗ്രാമത്തില്‍ പ്രവർത്തിച്ചിരുന്ന സ്റ്റെയിൻലെസ് സ്റ്റീല്‍ ഫാക്ടറിക്കുള്ളിലാണ് അപകടമുണ്ടായത്.

ഫാക്ടറിക്കുള്ളില്‍ 16 അടി താഴ്ചയുള്ള ഭൂഗർഭ ജല സംഭരണി പണിയുന്നതിനായി കുഴിയെടുക്കുന്നതിനിടെ മണ്ണിടിയുകയായിരുന്നുവെന്ന് ദേശിയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. സംഭവ സ്ഥലത്തുണ്ടായിരുന്ന പത്തു തൊഴിലാളികളില്‍ ഒരാള്‍ മാത്രം രക്ഷപ്പെട്ടു. രണ്ട് മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് മൃതദേഹം പുറത്തെടുത്തത്

തൊഴിലാളികള്‍ കുഴിയെടുക്കുകയായിരുന്ന സ്ഥലത്തെ മണ്ണ് പെട്ടെന്ന് ഇടിയുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. 2002 മുതല്‍ പ്രവർത്തിച്ചുവരുന്ന ഫാക്ടറിയിലാണ് അപകടം നടന്നത്. മരണപ്പെട്ടവരുടെ കുടുംബത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടു ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം പ്രഖ്യാപിച്ചു.