ഭോപ്പാല്‍: വന്‍തോതില്‍ രാസ ലഹരി പദാര്‍ത്ഥങ്ങള്‍ ഉത്പാദിപ്പിച്ചിരുന്ന ഫാക്ടറി മദ്ധ്യപ്രദേശില്‍ കണ്ടെത്തി. സംസ്ഥാന തലസ്ഥാനമായ ഭോപ്പാലിന് സമീപത്താണ് കോടികളുടെ ലഹരി പദാര്‍ത്ഥങ്ങള്‍ ഉത്പാദിപ്പിക്കുന്ന കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്. 1814 കോടി രൂപ വിലവരുന്ന അസംസ്‌കൃത പദാര്‍ത്ഥങ്ങളും ഇവിടെ നിന്ന് കണ്ടെടുത്തു. രണ്ട് പേരെ പിടികൂടിയിട്ടുമുണ്ട്.
ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്‌ക്വാഡും (എടിഎസ്) ഡല്‍ഹിയിലെ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയും (എന്‍സിബി) സംയുക്തമായാണ് രഹസ്യ ഓപ്പറേഷന്‍ നടത്തിയത്. ലബോറട്ടറിയില്‍ കൃത്രിമമായി തയ്യറാക്കുന്ന (സിന്തറ്റിക്) ലഹരി വസ്തുക്കളാണ് കണ്ടെത്തിയത്. എംഡി ഡ്രഗ്‌സ് എന്നറിയപ്പെടുന്ന ഇവ മെത്താംഫിറ്റമിന് സമാനമായാണ് ശരീരത്തില്‍ പ്രവര്‍ത്തിക്കുന്നത്. സംയുക്ത ഓപ്പറേഷനില്‍ ലഹരി ഫാക്ടറി കണ്ടെത്തിയ വിവരം ഗുജറാത്ത് ആഭ്യന്തര സഹമന്ത്രി ഹര്‍ഷ് സാങ്‌വി എക്‌സില്‍ പോസ്റ്റ് ചെയ്തു. തീവ്രവാദ വിരുദ്ധ സേനയെയും നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയെയും അഭിനന്ദിച്ച അദ്ദേഹം പരിശോധനയില്‍ കണ്ടെത്തിയ ഫാക്ടറിയുടെ ചിത്രങ്ങളും പോസ്റ്റ് ചെയ്തു.