ഭുവനേശ്വര്‍; അപ്പാര്‍ട്ട്‌മെന്റില്‍ കയറിയ മോഷ്ടാക്കള്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു. ഒഡീഷയിലെ ഭുവനേശ്വറിലാണ് സംഭവം .
അപ്പാര്‍ട്ട്മെന്റ് തകര്‍ത്ത് അകത്ത് കടന്ന മോഷ്ടാക്കള്‍ കത്തിമുനയില്‍ ആഭരണങ്ങള്‍ മോഷ്ടിക്കുകയും തുടര്‍ന്ന് 27 കാരിയായ യുവതിയെ കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു.
പുലര്‍ച്ചെ 2 മണിയോടെയാണ് കുറ്റകൃത്യം നടന്നതെന്ന് പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു . മോഷ്ടാക്കള്‍ ആദ്യം കത്തി ചൂണ്ടി ആഭരണങ്ങളും മൊബൈല്‍ ഫോണും കവര്‍ന്നെടുക്കുകയും തുടര്‍ന്ന് നിലവിളിച്ചാല്‍ രണ്ട് വയസ്സുള്ള മകളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ പീഡനത്തിനിരയാക്കുകയുമായിരുന്നു .
ഭുവനേശ്വറിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന യുവതി 10 ദിവസം മുമ്പാണ് ഫ്‌ലാറ്റിലേക്ക് മാറ്റിയത്. ഏണി ഉപയോഗിച്ച് മോഷ്ടാക്കള്‍ വീടിനുള്ളില്‍ കയറിയതാകാമെന്നാണ് സംശയിക്കുന്നത്.സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് പറഞ്ഞു.