ചെന്നൈ: തിരുച്ചിറപ്പള്ളിയില്‍ എട്ട് സ്കൂളുകള്‍ക്ക് നേരെ ബോംബ് ഭീഷണി. ഇ-മെയില്‍ വഴി ആണ് ബോംബ് ഭീഷണി ലഭിച്ചത് എന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ബോംബ് ഡിസ്പോസല്‍ ടീമുകളെയും സ്നിഫര്‍ ഡോഗുകളെയും ഉപയോഗിച്ച് സ്കൂളുകളില്‍ തെരച്ചില്‍ നടത്തുകയാണ്. ഗാന്ധി ജയന്തി അവധി കഴിഞ്ഞ് ഇന്ന് സ്കൂളുകള്‍ക്ക് പ്രവൃത്തിദിനം ആണ്.
തിരുച്ചിറപ്പള്ളിയുടെ പല ഭാഗങ്ങളിലുള്ള സ്കൂളുകള്‍ക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. ആംഗ്ലോ-ഇന്ത്യന്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, സമദ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, മോണ്ട്ഫോര്ട്ട് സ്കൂള്‍, ആചാര്യ ശിക്ഷാ മന്ദിര്‍ സ്കൂള്‍, രാജം കൃഷ്ണമൂര്‍ത്തി പബ്ലിക് സ്കൂള്‍, അമൃത വിദ്യാലയം തുടങ്ങി നഗരത്തിലെയും ഗ്രാമങ്ങളിലെയും എട്ട് സ്കൂളുകള്‍ക്കാണ് ബോംബ് സ്ഫോടനം നടത്തുമെന്ന് ഭീഷണി സന്ദേശം ലഭിച്ചത്.
തെരച്ചിലില്‍ ഇതുവരെ സംശയാസ്പദമായി ഒന്നും കണ്ടെത്തിയിട്ടില്ല. വ്യാജഭീഷണി ആണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഐപി അഡ്രസ് നോക്കി ആരാണ് ഇ മെയില്‍ അയച്ചതെന്ന് കണ്ടെത്താനാണ് പൊലീസിന്റെ ശ്രമം.