ഓടിക്കൊണ്ടിരുന്ന ബസില്‍ വന്‍ തീപിടിത്തം | bus fire, uttar pradesh, Latest News, News, India


നോയിഡ: ഓടിക്കൊണ്ടിരുന്ന ബസില്‍ വന്‍ തീപിടിത്തം. ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡ വെസ്റ്റിലാണ് ബസില്‍ വന്‍ തീപിടിത്തം നടന്നത്. തീപിടിത്തത്തെ തുടര്‍ന്ന് പരിസര പ്രദേശങ്ങളില്‍ പരിഭ്രാന്തി പരത്തി. ഗ്രേറ്റര്‍ നോയിഡ വെസ്റ്റിലെ ബിസ്രാഖ് പോലീസ് സ്റ്റേഷന്‍ പരിസരത്ത് നിന്നാണ് ഈ സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നത്. റൈസ് ചൗക്കില്‍ ആണ് ഓടിക്കൊണ്ടിരുന്ന ഒരു ബസിന് തീപിടിച്ചത്. തീപിടിത്തത്തെ തുടര്‍ന്ന് ബസ് കത്താന്‍ തുടങ്ങി. മരത്തിലിടിച്ച് ബസ് കത്തിനശിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഷാമ ടൂര്‍ ആന്‍ഡ് ട്രാവല്‍സിന്റെ ബസിനാണ് തീപിടിച്ചതെന്നാണ് വിവരം. ബസില്‍ തീപിടിത്തമുണ്ടായതിനെ തുടര്‍ന്ന് അഗ്‌നിശമന സേനാംഗങ്ങള്‍ എത്തി തീയണച്ചു. ഈ സംഭവത്തില്‍ ആളപായമുണ്ടായതായി നിലവില്‍ വിവരമില്ല. റൈസ് പോലീസ് പോസ്റ്റിന് സമീപമാണ് സംഭവം. കനത്ത പുകയില്‍ ബസ് കത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ വൈറലാകുകയാണ്.

പുറത്ത് വന്ന വീഡിയോയില്‍ ബസ് റോഡരികില്‍ നിര്‍ത്തിയിട്ടിരിക്കുന്നതാണ് കാണുന്നത്. റോഡില്‍ മറ്റു വാഹനങ്ങള്‍ക്ക് തീപിടിക്കാതിരിക്കാനും ഗതാഗതക്കുരുക്ക് ഉണ്ടാകാതിരിക്കാനും ഡ്രൈവര്‍ ബുദ്ധിപൂര്‍വ്വം ബസ് റോഡിന്റെ ഒരു വശത്തേക്ക് നിര്‍ത്തിയതാകാനും സാധ്യതയുണ്ട്. എന്നാല്‍, ബസ് കത്തിക്കയറുന്നതില്‍ നിന്ന് ഡ്രൈവര്‍ക്ക് രക്ഷിക്കാനായില്ല. അല്‍പ്പസമയത്തിനകം ബസ് കത്തിനശിച്ചു. ഇതുവരെ ലഭിച്ച വിവരം അനുസരിച്ച് അപകടത്തില്‍ ആര്‍ക്കും ശാരീരിക പരിക്കുകളൊന്നും പറ്റിയിട്ടില്ല.

ആളൊഴിഞ്ഞ ബസാണ് കത്തിയതെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ബസില്‍ ആരും ഇല്ലായിരുന്നുവെന്നും അല്ലാത്തപക്ഷം നിരവധി പേരുടെ ജീവന്‍ പൊലിഞ്ഞ ദാരുണമായ സംഭവം നടക്കുമായിരുന്നെന്നുമാണ് റിപ്പോര്‍ട്ടുകള്‍.