ഇപ്പോള്‍ ഡയറ്റ് പ്ലാന്‍ മാറ്റി: അരിക്കൊമ്പന്റെ പുതിയ വിശേഷങ്ങള്‍ പങ്കുവെച്ച് തമിഴ്‌നാട് വനംവകുപ്പ്


രാജകുമാരി: ചിന്നക്കനാലില്‍ നിന്ന് കാടുകടത്തിയ അരിക്കൊമ്പന്‍ പുതിയ ഡയറ്റില്‍ തൃപ്തനെന്ന് തമിഴ്‌നാട് വനംവകുപ്പ്. പ്രകൃതിദത്ത വിഭവങ്ങളും കഴിച്ച അരിക്കൊമ്പന്‍ ശാന്തനായി തുടരുന്നുവെന്നാണ് തമിഴ്‌നാട് വനംവകുപ്പ് ഉദ്യോഗസ്ഥന്‍ വിശദമാക്കുന്നത്. മുണ്ടന്‍തുറൈ ടൈഗര്‍ റിസര്‍വ് ഡയറക്ടറാണ് ഇക്കാര്യം വിശദമാക്കിയിരിക്കുന്നത്.

7 പേരെ കൊല്ലുകയും 60ലേറെ വീടുകളും കടകളും തകര്‍ക്കുകയും ചെയ്തതിന് പിന്നാലെയാണ് അരിക്കൊമ്പനെ 2023 ഏപ്രില്‍ 29ന് കാട് കടത്തിയത്. ചിന്നക്കനാലില്‍ നിന്ന് മയക്കുവെടി വച്ച് പിടികൂടി താപ്പാനകളുടെ സഹായത്തോടെ ആദ്യം പെരിയാര്‍ ടൈഗര്‍ റിസര്‍വിലേക്കും അവിടെ നിന്ന് തിരുനെല്‍വേലി മുണ്ടെന്‍തുറൈ വന്യജീവി സങ്കേതത്തിലേക്കുമാണ് അരിക്കൊമ്പനെത്തിയത്.

ഇഷ്ട ഭക്ഷണമായിരുന്ന അരിക്ക് വേണ്ടി ഇപ്പോള്‍ കൊമ്പന്‍ പരാക്രമം കാണിക്കാറില്ല. ഇലകളും പുല്ലുകളും കഴിച്ച് കൊമ്പന്‍ ഹാപ്പിയാണെന്നും തമിഴ്‌നാട് വനംവകുപ്പ് വിശദമാക്കുന്നത്. 2005 മുതല്‍ വീടും റേഷന്‍ കടയും ഏലം സ്റ്റോറുമൊക്കെയായി 180 കെട്ടിടങ്ങള്‍ അരിക്കൊമ്പന്‍ തകര്‍ത്തെന്നാണ് കണക്ക്. കാട്ടാനയുടെ ആക്രമണത്തില്‍ 30 ഓളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. വീടുകള്‍ ആക്രമിക്കുന്നത് പതിവായതോട ആളുകള്‍ പ്രകോപിതരായി പ്രതിഷേധങ്ങള്‍ നടത്തിയിരുന്നു. നിരന്തരമായ ആവശ്യത്തെ തുടര്‍ന്ന് മയക്കുവെടി വയ്ക്കാന്‍ സര്‍ക്കാര്‍ ഫെബ്രുവരിയില്‍ ഉത്തരവിറക്കി.

മൃഗസ്‌നേഹികളുടെ ആവശ്യപ്രകാരം ഹൈക്കോടതി ഇടപെട്ട് പഠനം നടത്തിയാണ് മയക്കുവെടി വയ്ക്കാന്‍ അനുമതി നല്‍കിയത്. കഴിഞ്ഞ ഏപ്രില്‍ 29 ന് 12 മണിയോടെ അരിക്കൊമ്പനെ മയക്കുവെടി വച്ചത്.

അഞ്ച് തവണ മയക്കുവെടി വെച്ചാണ് റേഡിയോ കോളര്‍ ഘടിപ്പിച്ചത്. ആനിമല്‍ ആംബുലന്‍സില്‍ രാത്രിയോടെ പെരിയാര്‍ കടുവ സങ്കേതത്തിലെത്തിച്ചു. വഴിനീളെ അരിക്കൊമ്പനെ കാണാന്‍ ആളുകള്‍ തടിച്ചു കൂടിയിരുന്നു. ആഴ്ചകള്‍ക്കുള്ളില്‍ പെരിയാര്‍ കടുവ സങ്കേതത്തില്‍ നിന്നും പുറത്തെത്തിയ അരിക്കൊമ്പന്‍ കുമളിയിലെ ജനവാസ മേഖലയ്ക്ക് അടുത്തെത്തിയിരുന്നു. അവിടെ നിന്നും തമിഴ്‌നാട്ടിലെ മേഘമലയിലും കമ്പം ടൗണിലുമെത്തി. കമ്പം ടൗണിലൂടെ വിരണ്ടോടുന്നതിനിടെ ആന തട്ടിയിട്ട ബൈക്ക് യാത്രക്കാരന്‍ മരിച്ചു. ഇതോടെ തമിഴ്‌നാട് വനം വകുപ്പ് രണ്ടാം തവണ മയക്കുവെടി വെച്ച് പിടികൂടിയാണ് അരിക്കൊമ്പനെ മുണ്ടന്‍തുറൈ കടുവ സങ്കേതത്തിലെത്തിച്ചത്.