സാധാരണ വസ്ത്രം ധരിച്ച് അര്‍ധരാത്രിയില്‍ ഓട്ടോയില്‍ ഒറ്റയ്ക്ക് യാത്ര ചെയ്ത് എസിപിയുടെ ആള്‍മാറാട്ടം


ന്യൂഡല്‍ഹി: സാധാരണ വസ്ത്രം ധരിച്ച്, വിനോദസഞ്ചാരിയായി വനിതാ എസിപിയുടെ ആള്‍മാറാട്ടം. ഉത്തര്‍പ്രദേശിലെ ആഗ്ര നഗരത്തിലാണ് സംഭവം. നഗരത്തിലെ സ്ത്രീ സുരക്ഷയും പൊലീസിന്റെ കാര്യക്ഷമതയും പരിശോധിക്കാനാണ് വനിതാ ഉദ്യോഗസ്ഥ വേഷം മാറി രാത്രിയില്‍ പുറത്തിറങ്ങിയത്. നഗരത്തിലെ സ്ത്രീ സുരക്ഷ പരിശോധിക്കാന്‍ രാത്രി വൈകി ഓട്ടോയില്‍ ഒറ്റയ്ക്ക് യാത്ര ചെയ്തായിരുന്നു പരീക്ഷണം.

എസിപി സുകന്യ ശര്‍മയാണ് നഗരത്തിലൂടെ ഒറ്റക്ക് സഞ്ചരിച്ചത്. എമര്‍ജന്‍സി റെസ്പോണ്‍സ് സപ്പോര്‍ട്ട് സിസ്റ്റം നമ്പര്‍ വിലയിരുത്താന്‍ സുകന്യ ശര്‍മ്മയും 112 എന്ന നമ്പറില്‍ വിളിച്ചു. രാത്രി ഏറെ വൈകിയതിനാല്‍ പൊലീസിന്റെ സഹായം ആവശ്യമാണെന്നും വിജനമായ വഴി കാരണം ഭയമാണെന്നും അവര്‍ പൊലീസിനോട് പറഞ്ഞു. ഹെല്‍പ്പ് ലൈന്‍ ഓപ്പറേറ്റര്‍ അവരോട് സുരക്ഷിതമായ സ്ഥലത്ത് നില്‍ക്കാന്‍ ആവശ്യപ്പെടുകയും എവിടെയാണെന്ന് വിവരമറിയിക്കുകയും ചെയ്തു.

തുടര്‍ന്ന് വനിതാ പട്രോളിംഗ് ടീമില്‍ നിന്ന് കോള്‍ ലഭിക്കുകയും അവര്‍ അവളെ കൊണ്ടുപോകാന്‍ വരുന്നുവെന്ന് അറിയിക്കുകയും ചെയ്തു. താന്‍ എസിപിയാണെന്നും എമര്‍ജന്‍സി റെസ്പോണ്‍സ് സിസ്റ്റം എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് പരിശോധിക്കുകയാണെന്നും സുകന്യ പൊലീസിനെ അറിയിച്ചു. തുടര്‍ന്ന് സ്ത്രീ സുരക്ഷ പരിശോധിക്കാന്‍ ഓട്ടോയില്‍ കയറി. ഡ്രൈവറോട് താന്‍ ഇറങ്ങുന്ന സ്ഥലം പറഞ്ഞുകൊടുത്ത് യാത്രാക്കൂലി പറഞ്ഞതിന് ശേഷം ഓട്ടോയില്‍ കയറുകയും ചെയ്തു.

 

താനാരാണെന്ന് വെളിപ്പെടുത്താതെ നഗരത്തിലെ സ്ത്രീ സുരക്ഷയെക്കുറിച്ച് ഓട്ടോ ഡ്രൈവറോട് തിരക്കി. നഗരത്തില്‍ പൊലീസ് പരിശോധനയുണ്ടെന്നും തുടര്‍ന്നാണ് യൂണിഫോമില്‍ ഓട്ടോ ഓടിക്കാന്‍ തുടങ്ങിയതെന്നും ഡ്രൈവര്‍ പറഞ്ഞു. ഡ്രൈവര്‍ അവരെ സുരക്ഷിതമായി പറഞ്ഞ സ്ഥലത്ത് ഇറക്കുകയും ചെയ്തു.