ക്ഷേത്രത്തിൽ നിന്നും നട്ടുച്ചയ്ക്ക് ഉരുളി മോഷ്ടിച്ച് ആസാം സ്വദേശി, ആലം റഹ്മാനെ മണിക്കൂറുകൾക്കുള്ളിൽ പൊക്കി പൊലീസ്


കൊച്ചി: ക്ഷേത്രത്തിൽ നിന്നും നട്ടുച്ചക്ക് ഉരുളി മോഷ്ടിച്ചയാളെ മണിക്കൂറുകൾക്കുള്ളിൽ പിടികൂടി പൊലീസ്. പെരുമ്പാവൂർ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ ഉരുളി മോഷ്ടിച്ച അസം സ്വ​ദേശിയെയാണ് പെരുമ്പാവൂർ പൊലീസ് പിടികൂടിയത്. അസം സ്വദേശി ആലം റഹ്മാൻ എന്നയാളാണ് അറസ്റ്റിലായത്.

ഇന്നലെ ഉച്ചക്കാണ് നിവേദ്യത്തിന് ഉപയോഗിക്കുന്ന ഓട്ടുരുളി കവർന്നെടുത്തത്. ആറായിരം രൂപയോളം വില വരുന്ന ഉരുളി മോഷ്ടിച്ചതായി ക്ഷേത്രം ജീവനക്കാരൻ ജയകൃഷ്ണൻ പരാതിപ്പെട്ടു. പിന്നാലെ അന്വേഷണം തുടങ്ങിയ പെരുമ്പാവൂർ പൊലീസ് ആദ്യം തന്നെ സിസിടിവി ദൃശ്യങ്ങളെല്ലാം പരിശോധിച്ചു.

അധികം വൈകാതെ തന്നെ പെരുമ്പാവൂർ ടൗണിൽ നിന്ന് പ്രതിയെ കയ്യോടെ പിടികൂടി. കള്ളന്റെ കയ്യിലെ ബാഗിൽ നിന്ന് തന്നെ ഉരുളി കണ്ടെടുക്കുകയും ചെയ്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡും ചെയ്തു.