ഡല്‍ഹി ഇനി ആര് ഭരിക്കും? കെജ്‌രിവാളും ഗവർണറുമായി ഇന്ന് കൂടിക്കാഴ്ച , മുഖ്യമന്ത്രിയെ ഇന്നറിയാം


ഡല്‍ഹി: രാജി പ്രഖ്യാപിച്ച ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് പകരക്കാരനായി ഡല്‍ഹി ആര് ഭരിക്കുമെന്ന് ഇന്നറിയാം. ആംആദ്മി പാര്‍ട്ടി എംഎല്‍എമാരുടെ നിയമസഭാകക്ഷിയോഗം ഇന്ന് രാവിലെ പതിനൊന്ന് മണിക്ക് ചേരും. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വസതിയിലാകും യോഗം. യോഗത്തില്‍ പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കും. തുടര്‍ന്ന് എംഎല്‍എമാരുടെ പിന്തുണക്കത്ത് ലഫ്. ഗവര്‍ണര്‍ക്ക് നല്‍കും. വൈകീട്ട് നാലരയോടെ കെജ്‌രിവാള്‍ ലഫ്. ഗവര്‍ണറെ കാണുമെന്നാണ് വിവരം.

മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനുള്ള വിശദമായ ചര്‍ച്ചകള്‍ക്കായി ആംആദ്മി പാര്‍ട്ടി രാഷ്ട്രീയകാര്യസമിതി യോഗം ഇന്നലെ വൈകീട്ട് മുഖ്യമന്ത്രിയുടെ വസതിയില്‍ ചേര്‍ന്നിരുന്നു. ആരാകും മുഖ്യമന്ത്രിയെന്ന് ചര്‍ച്ച നടന്നതായി ആംആദ്മി നേതാവ് സൗരഭ് ഭരദ്വാജ് മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. മന്ത്രിമാരായ അതിഷി മര്‍ലേന, സൗരഭ് ഭരദ്വാജ്, ഗോപാല്‍ റോയ്. കൈലാഷ് ഗെഹ്‌ലോട്ട്, രാഘവ് ചദ്ദ എന്നീ പേരുകളാണ് പരിഗണനയിലുള്ളത്. കെജ് രിവാളിന്റെ ഭാര്യ സുനിതയുടെ പേരും ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്.

മദ്യനയ അഴിമതിക്കേസില്‍ സുപ്രീം കോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെ സെപ്റ്റംബര്‍ പതിമൂന്നിന് കെജ്‌രിവാള്‍ ജയില്‍ മോചിതനായിരുന്നു. അഞ്ച് മാസത്തിന് ശേഷമായിരുന്നു കെജ്‌രിവാളിന്റെ ജയില്‍ മോചനം. ഇതിന് പിന്നാലെ കെജ്‌രിവാള്‍ പാര്‍ട്ടി പ്രവര്‍ത്തകരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് ശേഷമായിരുന്നു അപ്രതീക്ഷിത രാജിപ്രഖ്യാപനം. തിരഞ്ഞെടുപ്പ് നടക്കുന്നതുവരെ തനിക്ക് പകരം ആം ആദ്മി പാര്‍ട്ടിയില്‍ നിന്ന് മറ്റൊരാള്‍ മുഖ്യമന്ത്രിയാകുമെന്നും ആംആദ്മി പാര്‍ട്ടി ആസ്ഥാനത്ത് വച്ച് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് കെജ്‌രിവാള്‍ പറഞ്ഞിരുന്നു.