ഗര്‍ഭിണിയായ യുവതിയെ ഹോട്ടല്‍മുറിയില്‍ പീഡിപ്പിച്ചു, യുവതിക്ക് അമിത രക്തസ്രാവം: സൈനികന്‍ അറസ്റ്റില്‍


ഇന്‍ഡോര്‍: മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ഗര്‍ഭിണിയായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ സൈനികന്‍ അറസ്റ്റിലായി.

അഞ്ച് മാസം ഗര്‍ഭിണിയായ യുവതിയാണ് ഹോട്ടല്‍മുറിയില്‍വെച്ച് പീഡിപ്പിച്ചെന്ന് ആരോപിച്ച് സുഹൃത്തായ സൈനികനെതിരേ മഹിളാ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് പോലീസ് കേസെടുക്കുകയും സൈനികനെ പിടികൂടുകയുമായിരുന്നു.

read also: വിദ്യാര്‍ത്ഥിനിയെ മദ്യപിക്കാന്‍ ക്ഷണിച്ചു: രണ്ട് കോളേജ് അധ്യാപകര്‍ക്കെതിരെ കേസ്

പ്രതി സൈന്യത്തില്‍ ലാന്‍സ് നായിക് ആണെന്ന് പോലീസ് പറഞ്ഞു. ബാങ്ക് ഉദ്യോഗസ്ഥന്റെ ഭാര്യയായ പരാതിക്കാരി അഞ്ച് മാസം ഗര്‍ഭിണിയാണ്. വെള്ളിയാഴ്ച രാത്രിയാണ് സുഹൃത്തായ സൈനികന്‍ ഇന്ദോറിലെ ഹോട്ടല്‍മുറിയില്‍വെച്ച് യുവതിയെ പീഡിപ്പിച്ചത്. ഉപദ്രവത്തിന് പിന്നാലെ യുവതിക്ക് രക്തസ്രാവമുണ്ടായി. തുടര്‍ന്ന് യുവതി പോലീസ് സ്റ്റേഷനിലെത്തി സഹായംതേടുകയും പരാതി നല്‍കുകയുമായിരുന്നു.

കഴിഞ്ഞ ഒരുവര്‍ഷമായി പ്രതി തന്നെ ഉപദ്രവിക്കുകയാണെന്നും സ്വകാര്യവീഡിയോ പകര്‍ത്തി ഭീഷണിപ്പെടുത്തുകയാണെന്നും പരാതിക്കാരി ആരോപിച്ചിട്ടുണ്ട്. ഒരുവര്‍ഷം മുന്‍പ് സ്റ്റോറില്‍ സാധനങ്ങള്‍ വാങ്ങാനെത്തിയപ്പോഴാണ് സൈനികനെ പരിചയപ്പെട്ടത്. പിന്നാലെ ഇയാള്‍ പതിവായി വീട്ടിലെത്തുകയും സ്വകാര്യവീഡിയോകള്‍ പകര്‍ത്തുകയുംചെയ്തു. കുളിമുറി ദൃശ്യങ്ങളടക്കം പ്രതി പകര്‍ത്തിയതായാണ് ആരോപണം. തുടര്‍ന്ന് ഈ ദൃശ്യങ്ങള്‍ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി. ഇതിനുശേഷമാണ് നഗരത്തിലെ ഹോട്ടല്‍ മുറിയിലേക്ക് നിര്‍ബന്ധിച്ച് വിളിച്ചുവരുത്തിയത്. മുറിയിലെത്തിയതിന് പിന്നാലെ ബലംപ്രയോഗിച്ച് പീഡിപ്പിച്ചെന്നും ഇതേത്തുടര്‍ന്ന് രക്തസ്രാവമുണ്ടായെന്നും പരാതിയില്‍ പറയുന്നു.

അതേസമയം, താനും പരാതിക്കാരിയും സൗഹൃദത്തിലാണെന്നായിരുന്നു പ്രതിയുടെ മൊഴി. ഗര്‍ഭിണിയായിരിക്കെ ശാരീരികബന്ധത്തിലേര്‍പ്പെട്ടതിനാലാണ് യുവതിക്ക് രക്തസ്രാവമുണ്ടായതെന്നും ഇയാള്‍ പറഞ്ഞു.