ന്യൂഡല്‍ഹി: നിയമസഭാ- ലോക്‌സഭാ തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്താനുള്ള ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ രീതിക്കായുള്ള ബില്‍ നരേന്ദ്രമോദി സര്‍ക്കാരിന്റെ നടപ്പ് കാലയളവില്‍ തന്നെ അവതരിപ്പിച്ചേക്കുമെന്ന് സൂചന.
എന്‍.ഡി.എ. ഘടകകക്ഷികളുടെ പിന്തുണ ലഭിച്ചാല്‍ ഉടന്‍ ബില്ലവതരിപ്പിക്കാമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ പ്രതീക്ഷ. ഉന്നത സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ടുചെയ്തത്.
ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ ബി.ജെ.പിയുടെ പ്രധാനവാഗ്ദാനങ്ങളിലൊന്നാണ് ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്. ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിന പ്രസംഗത്തിലും പ്രധാനമന്ത്രി ഇത് പരാമര്‍ശിച്ചിരുന്നു.
അതേസമയം, മൂന്നാം മോദി സര്‍ക്കാരില്‍ ബി.ജെ.പിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷമില്ലാത്തതിനാല്‍ ഒരു രാജ്യം ഒറ്റ തിരഞ്ഞെടുപ്പ് നടപ്പാക്കാന്‍ ബുദ്ധിമുട്ടാവുമെന്ന് വിലയിരുത്തലുണ്ടായിരുന്നു. സഖ്യകക്ഷികള്‍ ഒറ്റത്തിരഞ്ഞെടുപ്പിനെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും വിഷയത്തില്‍ വിശദപരിശോധന നടത്തിയതിനുശേഷം മാത്രമേ നിലപാട് സ്വീകരിക്കൂവെന്നും വിലയിരുത്തപ്പെട്ടിരുന്നു.