ട്രെയിനിലും സ്വര്‍ണക്കടത്ത്: പിടികൂടിയത് 8 കിലോയിലധികം വരുന്ന സ്വര്‍ണം, നാല് പേര്‍ അറസ്റ്റില്‍



അമൃത്സര്‍: ട്രെയിനില്‍ കടത്തിയ എട്ട് കിലോഗ്രാം സ്വര്‍ണം ആര്‍പിഎഫ് പിടികൂടി. നാലരക്കോടി വിലമതിക്കുന്ന സ്വര്‍ണം പിടികൂടിയത്, അമൃത്സര്‍ – ഹൗറാ എക്‌സ്പ്രസില്‍ നിന്നാണ്. സംഭവവുമായി ബന്ധപ്പെട്ട് നാലു പേര്‍ പിടിയിലായി. അംബാല കാന്റ് സ്റ്റേഷനില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്.

Read Also: കോഴിക്കോട് ‌സ്കൂളിൽ അമ്പതോളം വിദ്യാർത്ഥികൾക്ക് മഞ്ഞപ്പിത്തം

ചൊവ്വാഴ്ചയാണ് അമൃത്സര്‍ ഹൗറ ട്രെയിനിലെ (ട്രെയിന്‍ നമ്പര്‍ 13006) എ1, ബി1, ബി3 കോച്ചുകളിലെ നാല് യാത്രക്കാരില്‍ നിന്നാണ് സ്വര്‍ണം പിടിച്ചെടുത്തത്. 8.884 കിലോഗ്രാം സ്വര്‍ണാഭരണങ്ങളും 5.418 കിലോഗ്രാം സ്വര്‍ണം പൂശിയ ആഭരണങ്ങളുമാണ് കണ്ടെടുത്തത്. വിപണി മൂല്യമനുസരിച്ച് അവയുടെ ആകെ മൂല്യം 4.5 കോടി രൂപയാണെന്ന് ആര്‍പിഎഫ് അറിയിച്ചു.

ഹരിയാനയിലെയും ജമ്മു കശ്മീരിലെയും നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് പ്രത്യേക പരിശോധന നടത്തിയത്. സ്റ്റേഷനുകളില്‍ പ്രത്യേക പട്രോളിംഗും ട്രെയിനുകള്‍ക്കുള്ളില്‍ പരിശോധനയും നടത്തുന്നുണ്ടെന്ന് ആര്‍പിഎഫ് അംബാല കാന്റിന്റെ ചുമതലയുള്ള ഇന്‍സ്‌പെക്ടര്‍ ജാവേദ് ഖാന്‍ പറഞ്ഞു.